കാണാതെ പോകരുത് അവരെ ; വാഹനാപകടത്തിൽ പരിക്കേറ്റവരെ രക്ഷിക്കുന്നവർക്ക് ഇനി മുതൽ പാരിതോഷികം നൽകും

കോഴിക്കോട്: വാഹനാപകടങ്ങളില്‍ പരിക്കേറ്റവരരെ ഉടനെ ആശുപത്രിയിലെത്തിക്കുന്നവർക്ക് ഇനി അ‍ഞ്ഞൂറ് രൂപ പാരിതോഷികം ലഭിക്കും. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസാണ് ഈ തിരുമാനത്തിന് പിറകിൽ. അപകടങ്ങളില്‍പ്പെട്ട് ആശുപത്രിയില്‍ എത്താന്‍ കാലതാമസമുണ്ടാകുന്നത് പൂര്‍ണമായും ഇല്ലാതാക്കാനും ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സഹായങ്ങള്‍ ചെയ്യുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമോ എന്നുള്ള ആശങ്ക നീക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു.

കോഴിക്കോട് ലയണ്‍സ് ക്ലബ് 318(ഇ) യും സിറ്റി ട്രാഫിക് പൊലീസും സംയുക്തമായാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
വാഹനാപകടങ്ങളിൽ പരിക്കേറ്റവരുമായി ആശുപത്രിയിലെത്തുന്നവര്‍ക്ക് ഒരുതരത്തിലുള്ള നിമയനടപടികളോ പ്രശ്‌നങ്ങളോ ഉണ്ടാകില്ല. എന്നാൽ ഈ വസ്തുത പലരും ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു.

പാരിതോഷികം ലഭിക്കുന്നതിനായി അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ച ഫോട്ടോ എടുത്തശേഷം ഏത് ആശുപത്രിയിലാണെന്ന വിവരം കൂടി ഉള്‍പ്പെടുത്തി 8590965259 എന്ന മൊബൈല്‍ നമ്പറിലേക്ക് വാട്ട്സ്ആപ് സന്ദേശമായി അയക്കണം. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് സിറ്റി ട്രാഫിക് പരിധിയില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി വിജയകരമെങ്കില്‍ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ലയൺസ് ക്ലബ് ഭാരവാഹികളും വ്യക്തമാക്കി. അപകടങ്ങളില്‍പ്പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 5000 രൂപ നല്‍കുന്ന പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ഈ തുക ലഭിക്കാന്‍ പ്രത്യേക സമിതി ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം അര്‍ഹരായവരെ കണ്ടെത്തേണ്ടതുണ്ട്. അതേസമയം പുതിയ പദ്ധതിയില്‍ ഇത്തരം മാനസദണ്ഡങ്ങള്‍ ഒന്നും തന്നെയില്ല. ആശുപത്രിയില്‍ എത്തിച്ച്, വിവരങ്ങള്‍ വാട്ട്സ്ആപ് സന്ദേശമായി അയക്കുന്ന മുറയ്ക്ക് തന്നെ പണം ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments