കൊച്ചി: ഉടൽ അടക്കമുള്ള സിനിമകളിലെ പ്രകടത്തിന്റെ പേരിൽ കടുത്ത സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള താരമാണ് നടി ദുർഗ കൃഷ്ണ. നടിയുടെ കുടുംബത്തെ അടക്കം അനാവശ്യമായി വലിച്ചിഴച്ച് കടുത്ത അധിക്ഷേപമായിരുന്നു ചിലർ നടത്തിയത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് പിന്നാലെ താൻ നേരിട്ട ആക്രമണങ്ങളെ കുറിച്ച് പറയുകയാണ് താരം. ‘അൺഫിൽറ്റേഡ് ബൈ അപർണ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. നടിയുടെ വാക്കുകളിലേക്ക്

ഉടൽ സിനിമ റിലീസായപ്പോൾ ഒരുപാട് സൈബർ അറ്റാക്ക് കിട്ടിയിരുന്നു. ഉടലും കുടുക്കുമൊക്കെ അടുത്തടുത്തായിരുന്നല്ലോ റിലീസ് ചെയ്തത്. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ചില സ്ക്രീൻഷോട്ടുകൾ എടുത്ത് ടാഗ് ചെയ്തൊക്കെ സൈബർ ആക്രമണം ഉണ്ടായി. അതുകൊണ്ട് തന്നെ ഉടൽ ഒടിടി റിലീസാകുന്നുവെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ചെയ്തത് ഇൻസ്റ്റഗ്രാമിൽ ടാഗ് ഓപ്ഷൻ ഞാൻ മാറ്റി കഴിഞ്ഞു.

കുടുക്കിന്റെ പ്രമോഷൻ കഴിഞ്ഞിട്ട് ഞാൻ ഒരു പ്രമോഷനും ഇന്റ്ർവ്യൂനും ഞാനും ഇരുന്നിട്ടില്ല. എന്റെ ഫാമിലിയെ കൂടി ​​ഡ്രാ​ഗ് ചെയ്ത് ഇതിനകത്ത് കൊണ്ടിട്ടപ്പോ എനിക്ക് ഭയങ്കരമായി ബുദ്ധിമുട്ടുണ്ടായി. അതിന് ശേഷം പല അഭിമുഖങ്ങളും വന്നെങ്കിലും ഞാൻ പോയില്ല. കാര്യം ചോദ്യങ്ങൾ വരും. ഞാൻ മറുപടി പറഞ്ഞാൽ അത് ചർച്ചയാക്കാൻ അവർക്ക് അവസരം കിട്ടും. ഞാൻ വിചാരിച്ചു ഒന്നടങ്ങട്ടെ, പടം വരുമ്പോൾ പ്രമോഷൻ കൊടുക്കാം എന്ന്.

കാരണം എന്ത് പോസ്റ്റ് ഇട്ടാലും വിമർശനമാണ്. എന്നെ പറയുന്നതിന് കുഴപ്പമില്ല, ഭർത്താവിനെയൊക്കെ ചീത്തപറയുകയാണ്.‍ ഞാൻ കല്ല്യാണം കഴിഞ്ഞത് കൊണ്ടാണ് ഭർത്താവിനെ ചീത്തവിളക്കുന്നത്, അല്ലെങ്കിൽ ചീത്തവിളി അച്ഛനുള്ളതായിരിക്കും.ഭർത്താവ് ഊരിവിട്ടു എന്ന തരത്തിലാണ് അധിക്ഷേപം.

എന്റെ ജോലിയ്ക്ക് ഭർത്താവിനാണ് ചീത്തകേൾക്കുന്നത്. അതിന്റെ കാര്യം എനിക്ക് മനസിലാകുന്നില്ല. ഏത് സിനിമ ചെയ്യണം, ഏത് കഥാപാത്രം ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്. അവർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ അത് സന്തോഷപൂർവ്വം ഞാൻ സ്വീകരിക്കുകയും ചെയ്യും. ഞാൻ ചിന്തിക്കുന്നത് പെർഫോം ചെയ്യാനുള്ള സ്പേസ് ആണ്. ഉടലിൽ ഒരു ഇന്റിമേറ്റ് സീനുണ്ടെന്ന് കരുതി ആ സിനിമയെ വേണ്ടെന്ന് വെച്ചിട്ടുണ്ടെങ്കിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചേനെ.
ആ സിനിമയ്ക്കാണ് എനിക്ക് ഒരു അവാർഡ് ലഭിച്ചത്. അതുകൊണ്ട് തന്നെ ഞാൻ അത് ചെയ്തില്ലായിരുന്നെങ്കിൽ എനിക്ക് ഒരുപാട് നഷ്ടം സംഭവിച്ചേനെ.

ഞാനൊരു ഭാര്യയാണ് അതുകൊണ്ട് അങ്ങനെയുളള സീനുകൾ ചെയ്യാൻ പാടില്ലെന്നൊക്കെ ചിന്തിച്ച് ആ റോൾ ചെയ്യാതിരുന്നാൽ അതിന്റെ നഷ്ടം എനിക്ക് മാത്രമാണ്. അഭിനയിക്കാനുളള കൊതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. പെർഫോം ചെയ്യാനുള്ള സ്പേസ് ആണ് ഞാൻ നോക്കുന്നത്. നെഗറ്റീവ് കമന്റുകൾ വരുമ്പോൾ മറ്റൊരു കഥാപാത്രം വന്നാൽ ചെയ്യേണ്ടെന്ന് വീട്ടുകാർ തീരുമാനിച്ചാൽ എന്റെ കരിയർ പോകില്ലേ.

ദൈവം സഹായിച്ച് അങ്ങനെയൊരു കുടുംബമല്ല എന്റേത്. കമന്റ്സ് ഒക്കെ നോക്കേണ്ടെന്നാണ് ഭർത്താവ് പറയുക. എനിക്ക് വരുന്ന നെഗറ്റീവ് കമന്റ്സ് ഞാൻ കാണുന്നതിന് മുന്നേ തന്നെ അദ്ദേഹം ഡിലീറ്റ് ചെയ്തിട്ടുണ്ട്. സൈബർ ആക്രമണം നടത്തുന്നവർ ആലോചിക്കുന്നില്ല മറ്റുള്ളവരെ അത് എങ്ങനെ ബാധിക്കുമെന്ന്. എന്റെ കാര്യമല്ല, പക്ഷേ മറ്റ് താരങ്ങളെ സംബന്ധിച്ച് ഇത്തരം അധിക്ഷേപങ്ങൾ കാരണം അടുത്തൊരു ബോൾഡ് ക്യാരക്ടർ ചെയ്യാൻ ഭയമായിരിക്കും. നിങ്ങളൊന്നും കാണുന്നത് പോലെയേ അല്ല ഇന്റിമേറ്റ് സീനുകൾ എടുക്കുന്നത്. ചിലപ്പോൾ കുറച്ച് സീനുകൾ ഒരു ദിവസം എടുത്ത് ദിവസങ്ങൾക്ക് ശേഷമായിരിക്കും അതിന്റെ തുടർ സീനുകൾ എടുക്കുന്നത്. എന്റെ പെർഫോമൻസിനെ ആളുകൾക്ക് ജഡ്ജ് ചെയ്യാം. പക്ഷേ ഞാൻ ചെയ്യുന്ന കഥാപാത്രം വെച്ച് ആളുകൾക്ക് എന്നെ ജഡ്ജ് ചെയ്യാൻ കഴിയില്ല’, ദുർഗ കൃഷ്ണ പറഞ്ഞു.