ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ന്യായ് യാത്രയില്‍ രാഷ്ട്രീയ ദോഷം മുന്നില്‍ കണ്ട് കോണ്‍ഗ്രസിലെ ഒരുവിഭാഗം.

ഇന്ത്യയുടെ വടക്കുകിഴക്ക് നിന്ന് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലേക്കാണ് രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്ര തീരുമാനിച്ചിരിക്കുന്നത്. സംഘടനാതലത്തില്‍ ഊര്‍ജ്ജം നേടാന്‍ ലക്ഷ്യമിട്ടുള്ള യാത്ര പക്ഷേ സമയം വൈകിപ്പോയി എന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന വേളയില്‍ രാജ്യതലസ്ഥാനത്തിരുന്ന് ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും പകരം പാര്‍ട്ടിയുടെ മുഴുവന്‍ ശ്രദ്ധ ഇപ്പോള്‍ യാത്രയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നുമാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറും രാഹുല്‍ ഗാന്ധിയുടെ യാത്രാസമയം ശരിയായില്ലെന്നും ഇത് ഇന്ത്യ മുന്നണിക്ക് വെല്ലുവിളിയാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യം ഇപ്പോള്‍ വേണ്ടത് പാര്‍ട്ടി ആസ്ഥാനത്താണെന്നും പകരം മറ്റ് സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര കോണ്‍ഗ്രസിന് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്നും ഇവര്‍ പറയുന്നു.

ബിഹാറില്‍ നിതീഷ് കുമാര്‍ മറുകണ്ടം ചാടിയതും ബംഗാളില്‍ മമത ബാനര്‍ജി ഇടഞ്ഞതും ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന തര്‍ക്കവും അടക്കം പ്രതിപക്ഷ ഇന്ത്യ മുന്നണിയെ പ്രതികൂലമായി ബാധിച്ച ഒട്ടേറെ വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ യാത്രയിലെ തിരക്കുമൂലം രാഹുലിനു സാധിച്ചില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍, യാത്ര ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടി വരുമോയെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.