തിരുവനന്തപുരം: കിഫ്ബിയുടെ വിവാദമായ മസാല ബോണ്ട് തിരിച്ചടവ് 2024 മാര്‍ച്ചില്‍ അവസാനിക്കും. മസാല ബോണ്ടില്‍ കോളടിച്ചത് ലാവ്‌ലിന്‍ കമ്പനിയായ സി.ഡി.പി.ക്യുവിനാണ്.

ലാവലിന്‍ കമ്പനിയില്‍ 20 ശതമാനം ഓഹരി ഉള്ള സി.ഡി.പി.ക്യു വഴിയാണ് കിഫ്ബി മസാല ബോണ്ട് സമാഹരിച്ചത്. 2150 കോടിയാണ് കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ചത്. 9.723 ശതമാനം കൊള്ള പലിശക്ക് മസാല ബോണ്ട് സമാഹരിച്ചത് വന്‍ വിവാദമായിരുന്നു.

2019 മാര്‍ച്ച് 25നാണ് മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയത്. അഞ്ച് വര്‍ഷമായിരുന്നു തിരിച്ചടവ് കാലാവധി. പലിശയും മുതലും ഉള്‍പ്പെടെ 3195.23 കോടി രൂപയാണ് തിരിച്ചടക്കേണ്ടത്. 1045.23 കോടി രൂപയാണ് ഈ ഇടപാടിലൂടെ മാത്രം കമ്പനിക്ക് അധികമായി ലഭിക്കുന്നത്.

മസാല ബോണ്ടുമായി ബന്ധപ്പെട്ട് സി.ഡി.പി.ക്യു കമ്പനിയെ തെരഞ്ഞെടുത്തത് ഇന്നും ദുരൂഹം. 2018 നവംബര്‍ 16ന് വിവാദ കമ്പനിയുടെ 3 ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം സന്ദര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്കുമായും കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാമുമായും ചര്‍ച്ച നടത്തിയിരുന്നു.

തുടര്‍ന്ന് 2019 ഫെബ്രുവരി 25 മുതല്‍ 28 വരെ സി.ഡി.പി.ക്യു കമ്പനിയുടെ 4 ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തി ഐസക്കും എബ്രഹാമുമായി ചര്‍ച്ച നടത്തിയതും വിവാദമായിരുന്നു. മസാല ബോണ്ട് ഇടപാടില്‍ ഇ.ഡി ഐസക്കിനെ വിടാതെ പിടികൂടിയിരിക്കുകയാണെന്നതാണ് നിലവിലെ അവസ്ഥ.

ഇ.ഡി യുടെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഐസക്ക് മുട്ടാപ്പോക്ക് ന്യായങ്ങള്‍ വിളമ്പി രെക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഐസക്കിന് എന്തോ മറയ്ക്കാനുണ്ടെന്ന് വ്യക്തം. മസാല ബോണ്ട് കൊണ്ട് ലാഭം ഉണ്ടായത് ലാവ്‌ലിന്‍ ബന്ധമുള്ള കമ്പനിക്ക് മാത്രം .

മസാല ബോണ്ടിന്റെ സെക്കണ്ടറി സെല്ലിംഗ് കൂടെ ആകുമ്പോള്‍ കമ്പനിയുടെ ലാഭം 2000 കോടി കടക്കും. കമ്പനിയും ഐസക്ക്-എബ്രഹാം ടീമും തമ്മിലുള്ള തിരുവനന്തപുരം ചര്‍ച്ചകളില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ധാരണയായിട്ടുണ്ടെന്നാണ് ഇ.ഡി സംശയിക്കുന്നത്. ഐസക്കിന്റെ ഭാര്യയുടേയും കുട്ടികളുടേയും ബാങ്ക് വിശദാംശങ്ങള്‍ ഇ.ഡി ആവശ്യപ്പെട്ടതും ഈ പശ്ചാത്തലത്തിലാണെന്നാണ് ലഭിക്കുന്ന സൂചന.