• നിയാസ് അബ്ദുല്‍ ഖരീം –

തിരുവനന്തപുരം: പ്രതിപക്ഷത്തെ വെട്ടിലാക്കാന്‍ അടിയന്തിര പ്രമേയമായി കൊണ്ട് വന്ന സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചക്കെടുത്ത തീരുമാനം സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കി.

വിഷയം ചര്‍ച്ച ചെയ്യണ്ട എന്നായിരുന്നു മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചതെങ്കിലും ചര്‍ച്ച ആകാമെന്ന ധനമന്ത്രിയുടെ ആത്മവിശ്വാസത്തിന് മുന്നില്‍ മുഖ്യമന്ത്രി വഴങ്ങി. ലോട്ടറി വിഷയം മുതല്‍ ഐസക്കുമായി നേരിട്ട് ഏറ്റുമുട്ടി തഴക്കം വന്ന സതീശന് മുന്നില്‍ ബാലഗോപാല്‍ അമ്പേ പരാജയപ്പെടുന്ന കാഴ്ചക്കാണ് തുടര്‍ന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്.

എല്ലാം ഭദ്രമാണെന്നും കാര്യങ്ങള്‍ ഒന്നും മുടക്കമില്ലാതെ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും അവകാശപ്പെട്ട ഭരണകക്ഷി എം എല്‍ എമാര്‍ക്ക് ട്രഷറി പൂട്ടും എന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത സത്യവാങ് മൂലം ഉദ്ധരിച്ചായിരുന്നു സതീശന്റെ മറുപടി.

3100 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് എന്ന് ബാലഗോപാല്‍ നിര്‍മ്മല സീതാരാമന് എഴുതിയ കത്തില്‍ പിടിച്ചായിരുന്നു സതീശന്റെ അടുത്ത അഭ്യാസം. 5132 കോടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് നവംബറിലെ ഐസക്കിന്റെ ഫേസ് ബുക്കില്‍ സൂചിപ്പിച്ചിരുന്നു. ബാലഗോപാല്‍ 3100 കോടി കുടിശികയും ഐസക്ക് 5132 കോടി കുടിശികയും കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ടെന്ന് വ്യത്യസ്ത നിലപാടുകള്‍ സതീശന്‍ ചൂണ്ടികാണിച്ചതോടെ ബാലഗോപാല്‍ പെട്ടു.

ധനമന്ത്രിയുടേയും മുന്‍ ധനമന്ത്രിയുടേയും കണക്കുകള്‍ തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ ഉപരി കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട കുടിശികയെ പറ്റി മുഖ്യമന്ത്രിക്കോ, മന്ത്രിമാര്‍ക്കോ, ഭരണകക്ഷി എം എല്‍ എ മാര്‍ക്കോ യാതൊരു വിവരവും ഇല്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു തുടര്‍ന്നുള്ള ചര്‍ച്ചകള്‍. കേരളത്തിലെ നികുതി പിരിവിനെ പറ്റി പഠിക്കാന്‍ ഹരിയാന സര്‍ക്കാര്‍ വരുന്നെന്ന ധനമന്ത്രിയുടെ അവകാശവാദം പൊളിക്കാന്‍ ജിഎസ്ടി വളര്‍ച്ച സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് സതീശന്‍ ആയുധമാക്കിയത്.

2023 ഡിസംബര്‍ വരെ ഹരിയാന 22 ശതമാനം ജി എസ് ടി വളര്‍ച്ച നേടിയ സ്ഥാനത്ത് കേരളം നേടിയത് 12 ശതമാനം മാത്രം. 22 ശതമാനം വളര്‍ച്ച നേടിയ ഹരിയാന 12 ശതമാനം വളര്‍ച്ചയുള്ള കേരളത്തില്‍ വന്ന് പഠിക്കുകയോ? സതീശന്റെ കൃത്യമായ ചോദ്യത്തിന് മറുപടി ഇല്ലാതെ ധനമന്ത്രി ഒഴിഞ്ഞ് മാറി. ലൈഫ് മിഷന് പദ്ധതി വിഹിതത്തില്‍ 18 കോടി മാത്രമാണ് സര്‍ക്കാര്‍ കൊടുത്തതെന്ന സതീശന്റെ വാദത്തെ ഖണ്ഡിക്കാന്‍ തദ്ദേശ മന്ത്രി എം.ബി രാജേഷ് ശ്രമിച്ചെങ്കിലും അതും പാളി.

പദ്ധതിയില്‍ മുഴുവന്‍ പണവും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നതെന്നായി എം.ബി രാജേഷ്. പദ്ധതി ചെലവ് സംബന്ധിച്ച പ്ലാനിംഗ് ബോര്‍ഡിന്റെ പ്ലാന്‍ സ്‌പേസ് രേഖകള്‍ ഉയര്‍ത്തി കാട്ടി ലൈഫ് മിഷന് ബജറ്റില്‍ വകയിരുത്തിയ 717 കോടിയില്‍ 3.76 ശതമാനം മാത്രമാണ് നല്‍കിയതെന്ന് സതീശന്‍ സമര്‍ത്ഥിച്ചു.വാറ്റില്‍ നിന്ന് ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ അതിനനുസരിച്ച് പുനസംഘടന നടത്താതെ വന്നതോടെ കോടികള്‍ ഖജനാവിന് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ സതീശന്‍ 2 വര്‍ഷമായി പബ്‌ളിക്ക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യു കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്ത് വിടാത്തത് എന്തു കൊണ്ടാണ് എന്ന് ചോദിച്ചു.

ഐജിഎസ്ടി ഇനത്തില്‍ 25000 കോടി സംസ്ഥാനത്തിന് നഷ്ടപ്പെട്ടെന്ന് കൃത്യമായി ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്ന് മനസിലാക്കിയ ബാലഗോപാല്‍ തന്റെ ഓഫിസില്‍ ഭദ്രമായി പൂട്ടി വച്ചിരിക്കുകയാണ് പബ്‌ളിക്ക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യു കമ്മിറ്റി റിപ്പോര്‍ട്ട്.

അതിന്റെ ഉള്ളടക്കം കൃത്യമായി സതീശന് കിട്ടിയെന്ന് ഇതോടെ മനസിലായ ബാലഗോപാല്‍ റിപ്പോര്‍ട്ടില്‍ ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി. ബാറിലും സ്വര്‍ണ്ണത്തിലും ലഭിക്കേണ്ട കോടികള്‍ നഷ്ടപ്പെടുത്തിയ സര്‍ക്കാരിന്റെ വീഴ്ച ധന പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചെന്ന് കണക്കുകള്‍ സഹിതം സതീശന്‍ അവതരിപ്പിച്ചതോടെ എല്ലാം കേന്ദ്രത്തിന്റെ തലയില്‍ വച്ച് ഒഴിയാമെന്ന സര്‍ക്കാരിന്റെ നരേറ്റീവ് തകര്‍ന്നു.

കേന്ദ്ര അവഗണന സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളില്‍ ഒന്നു മാത്രമാണെന്ന് വ്യക്തമാക്കാനും അത് ഭംഗിയായി ലളിതമായി സ്ഥാപിക്കാനും സതീശന് കഴിഞ്ഞു. സര്‍ക്കാരിന്റെ ധൂര്‍ത്തും നികുതി പിരിവിന്റെ അനാസ്ഥയും അഴിമതിയും സംസ്ഥാന ഖജനാവ് കുളം തോണ്ടിയെന്ന് സമര്‍ത്ഥിക്കാന്‍ സതീശനും സംഘത്തിനും കഴിഞ്ഞു.

പ്രതിപക്ഷത്ത് നിന്നും സംസാരിച്ച കുഞ്ഞാലികുട്ടി, റോജി എം ജോണ്‍, മാത്യു കുഴല്‍ നാടന്‍, കെ.കെ രമ എന്നിവര്‍ സര്‍ക്കാരിന്റെ ധനകാര്യ പാളിച്ചകള്‍ തെളിവ് സഹിതം ചൂണ്ടികാട്ടി. ഇതോടെ 57000 കോടി കേന്ദ്രത്തില്‍ നിന്ന് ലഭിക്കാനുണ്ടെന്നായി ബാലഗോപാല്‍. ഗൃഹപാഠം ചെയ്യാതെ ക്ലാസിലിരുന്ന് പിച്ചും പേയും പറയുന്ന കുട്ടിയുടെ അവസ്ഥയിലായി ബാലഗോപാല്‍ . പ്രതിപക്ഷത്തിന്റെ വാക്കൗട്ടില്‍ തീരേണ്ട വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ തീരുമാനിച്ച പിണറായിക്ക് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടിയും വന്നു.

ക്ലിഫ് ഹൗസിലെ ചെലവുകള്‍ കെ.കെ.രമ എടുത്തിട്ടു. ക്ലിഫ് ഹൗസിലെ 7 ലക്ഷം രൂപയുടെ കര്‍ട്ടന്‍ സ്വര്‍ണം കൊണ്ട് ഉണ്ടാക്കിയതാണോ എന്ന രമയുടെ ചോദ്യം മീഡിയകളില്‍ വൈറലായി. മുഖ്യമന്ത്രി 35 ലക്ഷം രൂപയുടെ കിയ കാര്‍ണിവല്‍ വാങ്ങിക്കുന്നതും 42 ലക്ഷം രൂപയുടെ കാലിതൊഴുത്തും 3.72 ലക്ഷത്തിന്റെ ചാണക കുഴിയും ധൂര്‍ത്താണോ എന്നായി ബാലഗോപാല്‍. ഇതോടെ എങ്ങനെയും ചര്‍ച്ച തീര്‍ന്നാല്‍ മതിയെന്ന അവസ്ഥയിലായി പിണറായി. പ്രതിപക്ഷത്തെ കുടുക്കാന്‍ വച്ച കെണിയില്‍ സ്വയം കുടുങ്ങേണ്ടി വന്ന അവസ്ഥയിലായി പിണറായിയും ബാലഗോപാലും. ബാലഗോപാലിന്റെ ആത്മവിശ്വാസം വരുത്തിയ വിനയെ കുറിച്ചായിരുന്നു തുടര്‍ന്നുള്ള മാധ്യമ ചര്‍ച്ചയും.