തിരുവനന്തപുരം : ശബരിമലയിൽ നിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. എം.വിൻസന്റ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. ശബരിമലയിൽ സമീപകാലത്തൊന്നും കാണാത്ത പ്രതിസന്ധിയും ദുരിതവുമായിരുന്നു കഴിഞ്ഞ തീർഥാടനകാലത്ത് ഭക്തർക്ക് നേരിടേണ്ടി വന്നതെന്ന് എം. വിൻസെന്റ് എം.എൽ.എ ആരോപിച്ചു.

ഭക്തർക്ക് പമ്പയിലെത്തി മാല ഊരി സന്നിധാനത്ത് എത്താതെ മടങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ശബരിമലയിൽനിന്ന് മാലയൂരി മടങ്ങിയത് കപട ഭക്തരാണെന്ന് മന്ത്രി ആരോപിച്ചു.

യഥാർഥ ഭക്തർ ആരും മാല ഊരിയിട്ടോ, തേങ്ങയുടച്ചോ പോയിട്ടില്ല. കപടഭക്തന്മാർ മാത്രമാണ് അത് ചെയ്തിട്ടുള്ളത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. ‌സന്നിധാനത്ത് 80,000 ഭക്തർ വന്നാൽ ഒരു പ്രശ്നവുമില്ല. എന്നാൽ, ഒരു ദിവസം 1,25,000 ഭക്തന്മാർ വരികയാണ്. എങ്ങനെ ശ്രമിച്ചാലും 80,000 പേർക്കെ പതിനെട്ടാം പടി കയറാൻ സാധിക്കൂ.

അതു കൊണ്ടാണ് തന്ത്രിയുമായി കൂടിയാലോചന നടത്തി ദർശന സമയത്ത് നീട്ടിയത്. സന്നിധാനത്ത് കെട്ടുമായി വന്നതിന് ശേഷം തിരികെ പോകുന്ന രണ്ടോ മൂന്നോ പേരെ ഉപയോഗിച്ച് വല്ലാത്ത പ്രചാരണം കൊടുക്കുകയാണ്. പതിനായിരക്കണക്കിന് പേർ വരുന്നിടത്ത് രണ്ടോ മൂന്നോ പേർക്ക് അസൗകര്യമുണ്ടായത് ഒരു വലിയ പ്രശ്നമല്ല. ബോധപൂർവമായി പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നുവെന്നത് യാഥാർഥ്യമാണെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തവണത്തെ ശബരിമല തീർഥാടന കാലം ദുരിതപൂർണമായിരുന്നു എന്നതും നവകേരള സദസിൽ നിന്ന് ദേവസ്വം മന്ത്രിക്ക് നേരിട്ട് വന്ന് ഇടപെടേണ്ടി വന്നുവെന്നതും യാഥാർഥ്യമാണെന്ന് എം. വിൻസെൻറ് സഭയിൽ ചൂണ്ടിക്കാട്ടി. ചരിത്രത്തിൽ ആദ്യമായി ഈ വർഷം ശബരിമലയിൽ പോകാൻ മാലയിട്ടവർ പന്തളം ക്ഷേത്രത്തിൽ വന്ന് മാല ഊരേണ്ട അവസ്ഥയും ഉണ്ടായി.

അനാവശ്യ നിയന്ത്രണമാണ് സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയത്. മകരവിളക്ക് ദിവസവും തലേദിവസവും വെർച്വർ ക്യൂ വഴിയുള്ള ദർശനം പരിമിതപ്പെടുത്തി. അടുത്ത ദിവസം വെർച്വർ ക്യൂ ദർശനം 70,000ഉം 80,000ഉം ആയി മാറി. പൊലീസ് ഉണ്ടാക്കിയ അനാവശ്യ നിയന്ത്രണങ്ങളാണ് ശബരിമലയിൽ ബുദ്ധമുട്ട് ഉണ്ടാക്കിയതെന്നും എം. വിൻസെൻറ് ചൂണ്ടിക്കാട്ടി.