വീണ്ടും കടലിൽ രക്ഷരായി ഇന്ത്യൻ നാവികസേനാ. സായുധരായ സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് 19 ജീവനക്കാരുള്ള കപ്പലിനെ രക്ഷപ്പെടുത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മേഖലയിലെ തുടർച്ചയായ രണ്ടാമത്തെ വിജയകരമായ പൈറസി വിരുദ്ധ ഓപ്പറേഷൻ പൂർത്തിയായതായി നാവികസേനാ വക്താവ് പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് സുമിത്രയാണ് ഈ ദൗത്യത്തിൽ പങ്കെടുത്തത്.

ഐഎൻഎസ് സുമിത്ര സൊമാലിയയുടെ കിഴക്കൻ തീരത്ത് കപ്പലിൽ കടന്നുകയറാനുള്ള സോമാലിയൻ കടൽക്കൊള്ള ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. 11 സോമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് മത്സ്യബന്ധന കപ്പലായ അൽ നഈമിയെയും 19 പാകിസ്ഥാൻ പൗരന്മാരെയും രക്ഷപ്പെടുത്തിയതായി നാവികസേനാ വക്താവ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ വ്യക്തമാക്കി.

36 മണിക്കൂറിന്റെ ഇടവേളയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ നാവികസേന വിദേശ കപ്പൽ മോചിപ്പിക്കുന്നത്. ഇതിനു മുൻപ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ ഇമാനും ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഈ കപ്പലിൽ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്.

കൊച്ചി തീരത്ത് നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെവച്ചാണ് കപ്പൽ തട്ടിയെടുത്തത്. കടൽക്കൊള്ളക്കാർ കപ്പലിനുള്ളിൽ കടന്ന് ജീവനക്കാരെ ബന്ദികളാക്കിയിരുന്നു. അപായസന്ദേശം ലഭിച്ചതിനു പിന്നാലെ ഐഎൻഎസ് സുമിത്ര എന്ന യുദ്ധക്കപ്പലെത്തി ജീവനക്കാരെ മോചിപ്പിക്കാനുള്ള പ്രവർത്തനം നടത്തുകയായിരുന്നു.

ഞായറാഴ്‌ച രാത്രി കപ്പലിൽ നിന്നുള്ള ഒരു അടിയന്തര കോളിനോട് ഇന്ത്യൻ നാവികസേന അതിവേഗം പ്രതികരിച്ചു. സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലും കടൽക്കൊള്ള വിരുദ്ധ ഓപ്പറേഷനിൽ വിന്യസിച്ചിരിക്കുന്ന ഐഎൻഎസ് സുമിത്ര, ഇറാന്റെ കൊടിയുള്ള മത്സ്യബന്ധന കപ്പൽ ഇമാൻ തട്ടിയെടുക്കാനുള്ള ശ്രമത്തോട് ഉടനടി പ്രതികരിക്കുകയായിരുന്നുവെന്ന് ഇന്ത്യൻ നാവികസേന വക്താവ് കമാൻഡർ വിവേക് ​​മധ്വാൾ പറഞ്ഞു.