കഴിഞ്ഞ ദിവസമായിരുന്നു നടി മെറീന മൈക്കിൾ സിനിമാ സെറ്റിൽ തനിക്കുണ്ടായ മോശം അനുഭവം പങ്കിട്ടത്. ഒരു അഭിമുഖത്തിനിടെ ഷൈൻ ടോം ചാക്കോയുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് മെറീന സോഷ്യൽ മീഡിയയിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. താൻ മുമ്പ് അഭിനയിച്ചൊരു സിനിമയുടെ സെറ്റിൽ മതിയായ ബാത്തറൂം സൗകര്യം പോലുമില്ലായിരുന്നു എന്നാണ് മെറീന പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ വലിയ ചർച്ചയായിരുന്നു. എന്നാൽ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി തന്നെ വിളിക്കുകയോ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയോ ചെയ്തില്ലെന്നാണ് മെറീന പറയുന്നത്. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് മെറീന ഡബ്ല്യുസിസിക്കെതിരെ രംഗത്തെത്തിയത്.

‘ഇതിന് മുമ്പ് ഒരു ഇന്റർവ്യു ക്ലിപ് വൈറലായിരുന്നു. അത് കഴിഞ്ഞ് കുറച്ച് ആളുകൾ വിളിച്ചു. സുരേഷ് ഗോപി നേരിട്ട് വിളിച്ച് ഓക്കെയാണോ എന്ന് ചോദിച്ചു. കുറച്ച് നടീനടന്മാരും വിൡച്ചിരുന്നു. ഇതെല്ലാം കഴിഞ്ഞാണ് ഈ രണ്ടാമത്തെ സംഭവം വരുന്നത്. എന്നെ ഈ സംഘടനയിൽ നിന്നും ഇതുവരേയും ആരും വിളിച്ചിട്ടില്ല. ഇന്നലെ ഞാനൊരു പോസ്റ്റിട്ടു. എനിക്ക് വളരെയധികം സങ്കടമുണ്ട്. എനിക്കറിയാം, ഞാൻ വലിയൊരു ആർട്ടിസ്റ്റല്ല, ഞാനൊരു സാധാരണ ആർട്ടിസ്റ്റാണ്. പക്ഷെ ഞാനും ഈ കുടുംബത്തിലെ അംഗമല്ലേ? ഞാനും പത്ത് വർഷമായി സിനിമയുടെ ഭാഗമാണ്. ഞാനും കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്.” മെറീന പറയുന്നു.

”ഡബ്ല്യുസിസിയിലെ അംഗങ്ങളെയെല്ലാം എനിക്കറിയാം. പരിചയമുള്ളവരാണ്. അവർ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. സുരേഷ് സാറിന്റെ മകളുടെ കല്യാണ റിസപ്ഷന് പോയപ്പോൾ ഒത്തിരിപേർ അവിടെ വച്ച് വന്ന് സംസാരിച്ചിരുന്നു. അറിഞ്ഞിട്ടും അവഗണിക്കുന്നതാണോ, ഇത്തരം കാര്യങ്ങൾക്ക് പ്രതികരിക്കേണ്ടതില്ല എന്ന് തോന്നിയിട്ടാണോ എന്ന് എനിക്കറിയില്ല. എനിക്കത് ഭയങ്കര വിഷമമായി. അപ്പോഴാണ് ഞാൻ പോസ്റ്റിടുന്നത്. പോസ്റ്റ് ഇട്ട് ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ എനിക്ക് കോളുകൾ വന്നു തുടങ്ങി” എന്നും മെറീന പറയുന്നു.

അതിലുള്ള ഒരു ആർട്ടിസ്റ്റ് വിളിച്ചു, മറ്റൊരു ആർട്ടിസ്റ്റ് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചു. അംഗങ്ങളൊക്കെ അറിയുന്നുണ്ട്. പക്ഷെ സംഘടന ഒരു കാര്യവും ചെയ്യുന്നില്ല. ആർട്ടിസ്റ്റ് എന്ന നിലയിലും സ്ത്രീയെന്ന നിലയിലും അത് സങ്കടകരമാണ്. നമുക്ക് വേണ്ടി സംസാരിക്കുന്ന സംഘടനയാണെന്ന് പറഞ്ഞിട്ട് അവരത് ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. പ്രിവിലേജുകളുള്ള ചിലർക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. നയൻതാരയുടെ സിനിമ നെറ്റ്ഫ്‌ളിക്‌സ് എടുത്ത് മാറ്റിയതിൽ പാർവ്വതി തിരുവോത്ത് പ്രതികരിച്ചിരുന്നു. നയൻതാര ഡബ്ല്യുസിസി അംഗമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും മെറീന പറയുന്നു.