തിരുവനന്തപുരം: പ്രതിപക്ഷ സർവീസ് സംഘടനകളുടെ സമരം വിജയം കണ്ടെന്ന് സർക്കാർ വിലയിരുത്തൽ. വിവിധ ജില്ലകളിൽ പണിമുടക്ക് നടത്തിയവരുടെ കണക്ക് പൂർണമായും സർക്കാർ വൃത്തങ്ങൾ പരിശോധിച്ചു കഴിഞ്ഞു.

സെക്രട്ടേറിയേറ്റിൽ മാത്രം 1400 പേർ പണിമുടക്കിയപ്പോൾ വിവിധ ജില്ലകളിൽ അധ്യാപകർ അടക്കം നിരവധി പേരാണ് സമരത്തിൽ പങ്കെടുത്തത്. ഭരണാനുകൂല സംഘടനയിൽ പലരും സമര ദിവസം വിവിധ കാരണങ്ങൾ പറഞ്ഞ് മുൻകൂർ ലീവെടുത്തതും സമരത്തോടുള്ള ആഭിമുഖ്യമായി സർക്കാർ കാണുന്നു.

തുടർഭരണം കിട്ടിയിട്ടും പ്രതിപക്ഷ സർവീസ് സംഘടനകളിൽ അംഗങ്ങൾ ചോരുന്നില്ല എന്നത് സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. 3 വർഷമായി ആനുകൂല്യങ്ങൾ നൽകാത്തതിലുള്ള സ്വാഭാവിക പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

സംതൃപ്തമായ സിവിൽ സർവീസിലൂടെ മാത്രമേ സർക്കാരിന് മുന്നോട്ട് പോകാൻ കഴിയൂ എന്നും ആനുകൂല്യങ്ങൾ പിടിച്ചു വെയ്ക്കുന്നത് ദോഷം ചെയ്യുമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരിയിൽ കേന്ദ്രം അടുത്ത ഗഡു ഡി. എ പ്രഖ്യാപിക്കും എന്നതിനാൽ ബജറ്റിൽ ഡി.എ പ്രഖ്യാപിച്ച് ജീവനക്കാരുടെയും പെൻഷൻകാരുടെയും അപ്രീതി ഒഴിവാക്കാനാണ് സർക്കാർ നീക്കം.

ഫെബ്രുവരിയിൽ കേന്ദ്രം പ്രഖ്യാപിക്കുന്ന ഡി എ അടക്കം 7 ഗഡുക്കളാണ് ഡി.എ കുടിശിക. ഇതിൽ 2 ഗഡു ഡി.എ എങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് ധനവൃത്തങ്ങളിൽ നിന്നുള്ള സൂചന.ഡി. എ കൊടുക്കേണ്ടത് സർക്കാരിൻ്റെ ബാധ്യതയാണെന്ന് ധനമന്ത്രി ബജറ്റ് സംബന്ധിച്ച ചർച്ചകളിൽ വിവിധ ചാനൽ സംവാദങ്ങളിൽ വ്യക്തമാക്കിയിരുന്നു.

അതിനിടയിലും സർക്കാരിൻ്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും മന്ത്രി ആവർത്തിക്കുന്നത് ജീവനക്കാരിൽ ആശങ്ക ഉണ്ടാക്കുന്നു. ലോകസഭ തെരഞ്ഞെടുപ്പ് പടി വാതിക്കൽ നിൽക്കുമ്പോൾ ഡി.എ കുടിശിക അനന്തമായി നീട്ടി കൊണ്ട് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കും എന്ന റിപ്പോർട്ടും സർക്കാരിൻ്റെ മുന്നിലുണ്ട്. 5 ലക്ഷം സർക്കാർ ജീവനക്കാരും 7 ലക്ഷം പെൻഷൻകാരുമാണ് സംസ്ഥാനത്തുള്ളത്. .