ഇന്ത്യക്കാർക്ക് തൊഴിലവസരങ്ങളൊരുക്കി ഇസ്രയേൽ . റിക്രൂട്ട്മെൻ്റ് ആരംഭിച്ചു . ലഖ്‌നൗവിൽ വച്ചാണ് റിക്രൂട്ട്‌മെൻ്റ് . ഉത്തർപ്രദേശിൽ നിന്നും 10,000 തൊഴിലാളികൾ ജോലിക്കായി ഇസ്രായേലിലേക്ക് ജോലിക്ക് കൊണ്ടുപോകാനാണ് റിക്രൂട്ട്മെൻ്റിലൂടെ ഉദ്ദേശിക്കുന്നന്നത് . ബാർ ടെൻഡർ, പ്ലാസ്റ്ററർ, ടൈൽ ഫിക്‌സർ, ഷട്ടറിംഗ്, ആശാരി എന്നീ ജോലികൾക്കായാണ് ഇത്തവണ ഇന്ത്യയിൽ റിക്രൂട്ടിംഗ് നടക്കുന്നത്.

ലഖ്‌നൗവിലെ നോഡൽ സെൻ്ററിൽ ജനുവരി 23 നും ജനുവരി 30 നും ഇടയിൽ പ്രതിദിനം 1000 യുവാക്കളുടെ അഭിമുഖപരീക്ഷ നടക്കും. ഷട്ടറിംഗ്, വെൽഡിങ്ങ്, പ്ലാസ്റ്ററിങ്ങ് എന്നിവയിൽ പ്രവർത്തി പരിചയ പരീക്ഷയുമുണ്ട്. ഇസ്രായേലിലെ തൊഴിലാളികൾക്ക് പ്രതിമാസം 1.37 ലക്ഷം ശമ്പളം ലഭിക്കുമെന്നാണ് വിവരം. മാത്രമല്ല ഇസ്രായേൽ സർക്കാർ തൊഴിലാളികൾക്ക് താമസസൗകര്യവും ഒരുക്കും. ഇസ്രായേലിലേക്ക് പോകുന്ന തൊഴിലാളികളുടെ പ്രായം 21 മുതൽ 45 വയസ്സു വരെ ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്.

ഇന്ത്യാ ഗവൺമെൻ്റും ഇസ്രായേലും തമ്മിൽ ‘മുഖ്യമന്ത്രി മിഷൻ എംപ്ലോയ്‌മെൻ്റ് സ്‌കീം’ പ്രകാരം ധാരണാപത്രം ഒപ്പുവെച്ചതായുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് കീഴിൽ പരിശീലനം ലഭിച്ച 10,000 തൊഴിലാളികളെ ഇസ്രായേലിലേക്ക് അയക്കാനുള്ള ഒരുക്കത്തിലാണ്. ഹമാസ് ആക്രമണത്തിൽ വൻ നഷ്ടം നേരിട്ടതിന് ശേഷം ഇസ്രായേൽ നേരിട്ട് ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളെ ആവശ്യപ്പെട്ടിരുന്നു. ഹമാസ് ആക്രമണത്തിൽ തകർന്ന ഇസ്രായേലിലെ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാൻ ഇന്ത്യൻ തൊഴിലാളികളുടെ സേവനങ്ങൾ സ്വീകരിക്കാനാണ് ഇസ്രായേൽ നീക്കം.

പല തൊഴിലാളികളും സ്വപ്നങ്ങളുടെ പൂർത്തീകരണത്തിനായാണ് മികച്ച ജോലി തേടി ഇസ്രായേലിലേക്ക് പോകാനൊരുങ്ങുന്നത്. റിക്രൂട്ടിംഗിൽ തിരഞ്ഞെടുക്കപ്പെട്ടാൽ ഏകദേശം 5 വർഷം ഇസ്രായേലിൽ താമസിച്ച് ജോലി ചെയ്യാം. 50 ലക്ഷം രൂപയുടെ ഇൻഷുറൻസും സർക്കാർ നൽകുന്നുണ്ട്´.