ഡൽഹി: ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരികോം വിരമിച്ചു. രാജ്യാന്തര ബോക്‌സിങ് നിയമമനുസരിച്ച് പ്രായപരിധി ബാധകമായ സാഹചര്യത്തിലാണ് ഇടിക്കൂട്ടിലെ സൂപ്പർ താരം വിരമിക്കുന്നത്. ആറ് തവണ ലോക ചാമ്പ്യനും ഒളിംപികസ് വെങ്കല മെഡൽ ജേതാവുമാണ് മേരികോം.

ബോക്‌സിങ് റിംഗിൽ രാജ്യത്തിന്റെ അഭിമാനമായ സൂപ്പർ താരം മാംഗ്‌തേ ചുംഗ്നെയ്ജാംഗ് മേരി കോം പെൻസിൽവാനിയയിലെ സ്‌ക്രാന്റണിൽ സംഘടിപ്പിച്ച ലോക മീറ്റിൽ പതിനെട്ടാം വയസിലായിരുന്നു അരങ്ങേറ്റം കുറിച്ചത്. ഏഷ്യൻ ഗെയിംസ് ബോക്‌സിംഗിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യക്കാരിയാണ്. 2014ലെ ദക്ഷിണ കൊറിയ ഏഷ്യൻ ഗെയിംസിലായിരുന്നു ഈ നേട്ടം. ബോക്‌സിംഗിൽ ആറ് തവണ ലോക ചാമ്പ്യൻനായിട്ടുണ്ട്. ആറ് തവണ ലോക ചാമ്പ്യനായ ആദ്യ വനിത എന്ന റെക്കോഡും മേരികോമി​ന്റെ പേരിലുണ്ട്.

2012ലെ ലണ്ടൻ ഒളിംപിക്‌സിൽ വെങ്കല മെഡൽ സ്വന്തമാക്കി. അഞ്ച് തവണ ഏഷ്യൻ ചാമ്പ്യനുമാണ് മേരി കോം. ചരിത്രനേട്ടങ്ങൾ സ്വന്തം പേരിലെഴുതിയാണ് ബോക്‌സിങ് റിംഗിൽ നിന്ന് മേരികോം വിരമിക്കുന്നത്. ഐബിഎ ചട്ടങ്ങളനുസരിച്ച് ബോക്‌സിങ് താരങ്ങൾക്ക് 40 വയസുവരെ മാത്രമാണ് പങ്കെടുക്കാൻ അനുമതി. ഈ പ്രായപരിധി പൂർത്തിയായ സാഹചര്യത്തിലാണ് വിരമിക്കൽ. മത്സര രംഗത്ത് തുടരാനാണ് താൽപര്യമെന്നായിരുന്നു മേരി കോമിന്റെ പ്രതികരണം. എന്നാൽ പ്രായപരിധി നിയമം ഇത് അനുവദിക്കുന്നില്ല. ജീവിതത്തിൽ ഒരുപാട് നേടിയെന്നും മേരി കോം വ്യക്തമാക്കി.