പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതോടെ അയോധ്യ രാമ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ചൊവ്വാഴ്ച രാവിലെ രാമക്ഷേത്ര കവാടത്തിൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ സുരക്ഷ ഏജൻസികളും ക്ഷേത്ര അധികൃതരും തിരക്കു നിയന്ത്രണത്തിൽ വലഞ്ഞു.

തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായതോടെ ചൊവ്വാഴ്ച വലിയ ഭക്ത ജനത്തിരക്കാണ് അധികൃതർ പ്രതീക്ഷിച്ചത്. എന്നാൽ വെളുപ്പിന് മൂന്ന് മണിമുതൽ ഭക്തർ കവാടങ്ങളിൽ എത്തിത്തുടങ്ങി. രാവിലെ 6 മണിയോടെ ക്ഷേത്രത്തിലെ രാമജന്മഭൂമി പാതയിലും തീർത്ഥാടകർ നിറഞ്ഞിരുന്നു.

പുലർച്ചെയുള്ള ചടങ്ങുകൾക്ക് ശേഷം രാവിലെ 7 മണിക്കാണ് ക്ഷേത്ര കവാടം തുറക്കാൻ നശ്ചയിച്ചിരുന്നതെന്നും, തിരക്കു നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ അധിക സേനയെ വിളിച്ചതായും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ ബാഗുകളോ മൊബൈൽ ഫോണുകളോ അകത്ത് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതറിയാതെ വന്ന തീർത്ഥാടകരും സുരക്ഷാ ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. സരയൂഘട്ടിൽ പുണ്യസ്നാനം ചെയ്യാനും തിരക്കുണ്ടായി.

‘മധ്യാരാതി’ ചടങ്ങിന് ശേഷം രാവിലെ 11 മണിയോടെ നടയടച്ചാൽ ഉച്ചയ്ക്ക് 2 മുതൽ 7 വരെയാകും വീണ്ടും നടതുറക്കുക. ദർശനം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര മുഖ്യ പുരോഹിതൻ, ആചാര്യ സത്യേന്ദ്ര ദാസ് നേരത്തെ അറിയിച്ചിരുന്നു.

‘പ്രാണപ്രതിഷ്ഠ’-യ്ക്ക് ശേഷം ക്ഷേത്ര ചടങ്ങുകളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവച്ചിരുന്നു.