തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും പറയാനുള്ളത് ഉദ്യോഗസ്ഥർ‌ പറയുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഞാൻ പറയുന്നത് സത്യമെന്ന് ദൈവത്തിന് മുന്നിൽ തെളിയും. ആരെയും ദ്രോഹിക്കാറില്ല, എന്നെ ദ്രോഹിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. ഇനി ഒരു തീരുമാനവും എടുക്കില്ല. പറയാനുള്ളത് ഉദ്യോഗസ്ഥർ പറയുമെന്ന് ഗണേഷ് കുമാർ പ്രതികരിച്ചു.

മന്ത്രി പദവി ഏറ്റെടുത്തശേഷം, കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച് ഇ-ബസ് വേണ്ടെന്ന നിലപാടാണ് ഗണേഷ് സ്വീകരിച്ചത്. ഒരുപാട് കടം വാങ്ങി അശാസ്ത്രീയമായി ഉപയോഗിച്ചതും പാഴ്ചിലവുകളുമാണ് കെ.എസ്.ആർ.ടി.സിയെ നശിപ്പിച്ചത്. സ്​പെയർ പാർട്സുകൾ ലോക്കൽ പർച്ചേസ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളിൽ നഷ്ടം സംഭവിക്കുന്നുണ്ട്. അവിടെ അഴിമതിക്കും സാധ്യതയുണ്ട്.

ഇതിന് കമീഷൻ വാങ്ങുന്ന ആശാൻമാരുണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരുമായും പെൻഷനേഴ്സുമായും സ്വകാര്യബസ് ഉടമകളുമായും ഒക്കെ സംസാരിക്കും. അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റും ഫാനും ഓഫാക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഇടപെടൽ വേണമെന്നുമായിരുന്നു ഗണേഷ് കുമാർ‍ പറഞ്ഞത് . എന്നാൽ ഇടതു മുന്നണിയിൽ നിന്നു യാതൊരു പിന്തുണയും ​ഗണേഷ് കുമാറിന് ലഭിച്ചില്ല

ആധുനിക കാലഘട്ടത്തിൽ ഇ-ബസുകൾ ആവശ്യമാണെന്നാണ് സിപിഎം നിലപാട് . ഇതിനിടെ, തിരുവനന്തപുരം കോർപ്പറേഷൻ പുതിയ ഇ-ബസ് വാങ്ങാൻ തീരുമാനമെടുത്തു . ഈ സാഹചര്യത്തിൽ ഗണേഷ് കുമാറിന്റെ പ്രസ്താവനകളെ തള്ളിക്കൊണ്ടാണ് ഇടതുമുന്നണി നിലപാടറയിച്ചത്.