തിരുവനന്തപുരം: സി.ഡിറ്റിലെ ജോയിന്റ് ഡയറക്ടറായി വിരമിച്ച പി.വി ഉണ്ണികൃഷ്ണന് സെക്രട്ടറി റാങ്കും 2.04 ലക്ഷം ശമ്പളവും നിശ്ചയിച്ച് പിണറായി; ശമ്പളത്തിന് മുന്‍കാല പ്രാബല്യവും അനുവദിച്ചതോടെ 65.28 ലക്ഷം ശമ്പളമായി ഉണ്ണികൃഷ്ണന് ലഭിക്കും. വാഹനം, മൊബൈല്‍ ഫോണ്‍, പേഴ്‌സണല്‍ സ്റ്റാഫ് ആനുകൂല്യങ്ങള്‍ വേറെയും ഇദ്ദേഹത്തിനുവേണ്ടി അനുവദിച്ചിട്ടുണ്ട്.

സി. ഡിറ്റിലെ ജോയിന്റ് ഡയറക്ടറായി 2019 ഡിസംബറില്‍ വിരമിച്ച ഉണ്ണികൃഷ്ണന്‍ നിരവധി വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിട്ട ഉദ്യോഗസ്ഥനാണ്. വിരമിച്ചതിനു ശേഷം ശിവശങ്കറിന്റെ സ്വാധിനത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള കെ – ഡിസ്‌കിന്റെ സ്ട്രാറ്റജിക് അഡ്വൈസറായി ഉണ്ണികൃഷ്ണന്‍ നിയമിതനായി. 8500 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം. ഒരു മാസം പരമാവധി 24 ദിവസം എന്ന കണക്കില്‍ ശമ്പളം ലഭിക്കും.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ണികൃഷ്ണനെ കെ ഡിസ്‌കിന്റെ മെമ്പര്‍ സെക്രട്ടറിയായി ഉയര്‍ത്തി. 2021 ജൂണില്‍ ആയിരുന്നു ഉണ്ണികൃഷ്ണനെ മെമ്പര്‍ സെക്രട്ടറിയായി ഉയര്‍ത്തിയത്. ശമ്പളവും ആനുകൂല്യവും നിശ്ചയിച്ചിരുന്നില്ല. എന്നാലിപ്പോള്‍, സെക്രട്ടറി റാങ്കില്‍ 2.04 ലക്ഷം മാസ ശമ്പളം ഉണ്ണികൃഷ്ണന് അനുവദിക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയിരിക്കുകയാണ്.

തുടര്‍ന്ന് ഈ മാസം 12ന് കെ ഡിസ്‌കിന്റെ എക്‌സ്- ഒഫിഷ്യോ സെക്രട്ടറി കെ. എം എബ്രഹാം ഉണ്ണികൃഷ്ണന് ശമ്പളം നിശ്ചയിച്ച് ഉത്തരവ് ഇറക്കി. 2021 ജൂണ്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

ഇതോടെ 32 മാസത്തെ ശമ്പളം ഉണ്ണികൃഷ്ണന് ലഭിക്കും. 65.28 ലക്ഷം രൂപയാണ് 32 മാസത്തെ ശമ്പളമായി ഉണ്ണികൃഷ്ണന് ലഭിക്കുക. കണ്‍സോളിഡേറ്റഡ് പേ ആയി ശമ്പളം നിശ്ചയിച്ചിരിക്കുന്നതിനാല്‍ ശമ്പളത്തോടൊപ്പം പെന്‍ഷനും ഉണ്ണികൃഷ്ണന് ലഭിക്കും. സെക്രട്ടറിയുടെ റാങ്ക് ആയതിനാല്‍ ഔദ്യോഗിക വാഹനം, മൊബൈല്‍ ഫോണ്‍ , പേഴ്‌സണല്‍ സ്റ്റാഫ് തുടങ്ങി മറ്റ് നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമൊരുക്കുന്ന കെ. ഫോണ്‍ പദ്ധതിയെപ്പറ്റിയും വൈദ്യുതി വാഹനങ്ങളുമായി ബന്ധപ്പെട്ട ഇ-മൊബിലിറ്റി പദ്ധതിയെപ്പറ്റിയും പഠനം നടത്തിയത് പി.വി. ഉണ്ണിക്കൃഷ്ണനാണ്. ഈ രണ്ട് പദ്ധതികളും കേരളത്തിന്റെ സാമ്പത്തികാവസ്ഥയ്ക്ക് സൃഷ്ടിച്ച ആഘാതങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എം. ശിവശങ്കര്‍ മുഖേനയായിരുന്നു ഉണ്ണികൃഷ്ണന്റെ നീക്കങ്ങളെല്ലാം.

കെഫോണ്‍, ഇ മൊബിലിറ്റി എന്നീ പദ്ധതികള്‍ക്കും നേതൃത്വം നല്‍കിയതും പദ്ധതികള്‍ക്കായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ശിവശങ്കറായിരുന്നു. അഴിമതികളും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ ബന്ധവും ഒക്കെ പുറത്തുവന്നതോടെ പിന്നീട് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ സര്‍ക്കാര്‍ ഇ-മൊബിലിറ്റിയുടെ കണ്‍സള്‍ട്ടന്‍സി കരാറില്‍നിന്ന് ഒഴിവാക്കിയിരുന്നു. സി.ഡിറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടറായിരുന്ന പി.വി. ഉണ്ണിക്കൃഷ്ണനെതിരേ എട്ടു വര്‍ഷമായി നടന്നിരുന്ന വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചത് എം. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

സി-ഡിറ്റിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ നല്‍കിയ 10 ലക്ഷം രൂപ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണു കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ഉണ്ണിക്കൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം നിര്‍ദ്ദേശിച്ചത്. ഐ.ടി. സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ താത്പര്യപ്രകാരമാണ് ഉണ്ണിക്കൃഷ്ണന്‍ സി.ഡിറ്റിന്റെ തലപ്പത്തെത്തിയത്.

സി-ഡിറ്റിനുവേണ്ടി 37 ലക്ഷം രൂപ മുടക്കി പുസ്തകങ്ങളും സോഫ്റ്റ്വേറുകളും സര്‍ക്കാര്‍ അംഗീകാരമില്ലാതെ വാങ്ങിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. കൂടാതെ സ്വതന്ത്ര സോഫ്റ്റ്വേര്‍ ഉപയോഗിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനം അട്ടിമറിച്ച് വന്‍ തുക മുടക്കി മൈക്രോസോഫ്റ്റില്‍നിന്നു സോഫ്റ്റ്വേറുകള്‍ വാങ്ങിയതിന് പിന്നിലും ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.