അയോധ്യ ; അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠ പൂർത്തിയായി.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വി​ഗ്രഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ​ഗർഭ​​ഗൃഹത്തിൽ പ്രതിഷ്ഠിച്ച ഭക്തിസാന്ദ്രമായ നിമിഷം കൊണ്ടാടുകയാണ് അയോധ്യ .

കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കൻഡ് നേരത്തോളം ചടങ്ങ് നീണ്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് .

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.‌ രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകൾ തുറന്ന് അഞ്ജനമെഴുതി. കണ്ണാ‌ടി ഉപയോ​ഗിച്ച് ഭഗവാൻ തന്നെ ആദ്യം ഭഗവാനെ കണ്ട ഈ ധന്യമുഹൂർത്തത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ അയോദ്ധ്യയുടെ മണ്ണിലേക്ക് പുഷ്പവൃഷ്ടി നടത്തി. ചടങ്ങുകൾക്ക് മുന്നോടിയായി 50 സം​ഗീതോപകരണങ്ങൾ ഉപയോ​ഗിച്ചുള്ള മം​ഗളധ്വനി ക്ഷേത്ര പരിസരത്ത് മുഴങ്ങി.

അഞ്ച് വയസുകാരന്റെ രൂപത്തിലാണ് ശ്രീരാമ വി​ഗ്രഹം കൊത്തിയെടുത്തത്. 300 കോടി വർഷം പഴക്കമുള്ള കല്ലിലാണ് പ്രശസ്തനായ അരുൺ യോ​ഗി രാജ് വി​ഗ്രഹം കൊത്തിയെടുത്തത്. ആടയാഭരണങ്ങൾ അണിഞ്ഞ വി​ഗ്രഹത്തിന്റെ ഇടതുകയ്യിൽ അമ്പും വില്ലുമുണ്ട്. 200 കിലോയോളം ഭാരമാകും വി​ഗ്രഹത്തിനുള്ളത്.