ആശങ്കപങ്കുവെച്ച് ആര്‍ച്ച് ബിഷപ്പ് പെരുന്തോട്ടം; ക്ഷോഭിച്ച് മുഖ്യമന്ത്രി; ഉത്കണ്ഠയില്‍ കാര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിലെ സാമൂഹികാവസ്ഥയെക്കുറിച്ച് പൊതുവേദിയില്‍ സംവദിച്ച് ആര്‍ച്ച് ബിഷപ്പും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണ പരിപാടിയായിരുന്നു വേദി.

അധ്യക്ഷ പ്രസംഗം നടത്തിയ ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി ചൂണ്ടിക്കാട്ടുകയായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ഇവര്‍ പിന്നീട് തിരിച്ചുവരാത്ത സാഹചര്യമുള്ളതായുള്ള ആശങ്കയും ആര്‍ച്ച് ബിഷപ്പ് പങ്കുവെച്ചു.

ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സ്വതസിദ്ധമായ ക്ഷോഭത്തോടെയുള്ള മറുപടിയാണ് നല്‍കിയത്. യുവാക്കള്‍ കേരളം വിടുന്നത് കേരളത്തില്‍ മാത്രമുള്ള രീതിയല്ലെന്നും ഇന്ത്യയൊട്ടാകെ ഇതാണ് അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് വിദേശ മലയാളികള്‍ കേരളത്തിലേക്ക് വരാന്‍ തിടുക്കം കാട്ടിയ കാര്യവും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പിന്നെ സീറോ മലബാര്‍ സഭക്ക് സര്‍ക്കാരിനെ കുറിച്ച് പരാതിയുണ്ടാകേണ്ടതില്ലെന്നും പല കാര്യങ്ങളും ചെയ്ത ഈ സര്‍ക്കാരിന് ഇനിയും ഇതുപോലെ മുന്നോട്ടുപോകാന്‍ ത്രാണിയുണ്ടെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു.

പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ്. പെരുന്തോട്ടം പിതാവ് പറഞ്ഞ ഉത്കണ്ഠയില്‍ കാര്യമുണ്ടെന്നും ബ്രെയിന്‍ ഡ്രെയിന്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നാടായി കേരളം മാറിയത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് പറഞ്ഞ് ആര്‍ച്ച് ബിഷപ്പിനെ അനുകൂലിക്കുകയായിരുന്നു.

കോവിഡ് പ്രതിരോധം പറഞ്ഞ മുഖ്യമന്ത്രിയെ അതിലെ ക്രമക്കേടുകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും പ്രതിപക്ഷ നേതാവ് മറന്നില്ല. എന്തായാലും പൊതുവേദിയില്‍ സംസ്ഥാന സാമൂഹികാവസ്ഥയെക്കുറിച്ച് ചര്‍ച്ച നടന്നതും അതിന് സീറോമലബാര്‍ സഭയുടെ ഒരു സമ്മേളനം വേദിയായതും കേരളത്തില്‍ അപൂര്‍വ്വമാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments