ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇനി അധിക സമയമില്ല. ചടങ്ങിലേക്ക് കേരളത്തിൽ നിന്നും നിരവധി പേർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഏകദേശം 2000 പേരെ കേരളത്തിൽ നിന്ന് ക്ഷണിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ എത്ര പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന കാര്യത്തിൽ പൂർണമായ വിവരം ഇപ്പോഴും ലഭ്യമല്ല.

എന്നാൽ കേരളത്തിൽ നിന്നുള്ള ചില സന്യാസിമാർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുക്കാനായി നേരത്തെ തന്നെ അയോധ്യയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, ബൈജൂസ്‌ സ്ഥാപകൻ ബൈജു രവീന്ദ്രൻ, മെട്രോമാൻ ഇ ശ്രീധരൻ, സൂപ്പർതാരം മോഹൻലാൽ, പിടി ഉഷ, മന്ത്രി ഗണേഷ് കുമാർ എന്നിവർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.

ചടങ്ങിലേക്ക് ആകെ എണ്ണായിരത്തോളം പേർക്കാണ് ഔദ്യോഗികമായി ക്ഷണക്കത്ത് അയച്ചിട്ടുള്ളത്. അതിൽ പകുതിയോളം പേർ സന്യാസിമാരാണ്. കേരളത്തിൽ നിന്നുള്ള ഒരു സന്യാസിമാരുടെ സംഘം നേരത്തെ തന്നെ അയോധ്യയിൽ എത്തിയിട്ടുണ്ട്. സ്വാമി ചിദാനന്ദപുരി, സ്വാമി പ്രജ്ഞാനന്ദ തീർത്ഥ എന്നിവർ അടക്കമുള്ള 25 പേരുടെ സംഘമാണ് അയോധ്യയിൽ ഉള്ളത്.

അതേസമയം, 500 വിവിഐപികൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. 54 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികൾ ഉൾപ്പെടെയാണിത്. ഇതിന് പുറമെ ഇന്ത്യയിലെ തന്നെ വിവിധ മേഖലകളിൽ മികവ് കാട്ടിയവരും ഇതിലുണ്ട്. ബോളിവുഡിന്റെ ബിഗ്‌ബി അമിത് ബച്ചൻ മുതൽ ഉസ്‌താദ്‌ അംജദ് അലി ഖാൻ വരെയുള്ളവർ ഇതിൽ ഉൾപ്പെടുന്നു. രജനീകാന്ത്, ചിരഞ്ജീവി എന്നിവർ ദക്ഷിണേന്ത്യയിലെ പട്ടികയിൽ നിന്നുള്ളവരാണ്. മുൻപ് പ്രേക്ഷകപ്രീതി ഏറ്റുവാങ്ങിയ രാമായണം സീരിയലിൽ രാമന്റെ വേഷം അവതരിപ്പിച്ച അരുൺ ഗോവിൽ, സീതയുടെ വേഷമണിഞ്ഞ ദീപ്ക ചിപ്‌ലിയ എന്നിവർക്കും ചടങ്ങിലേക്ക് പ്രത്യേക ക്ഷണമുണ്ട്. ഇതിന് പുറമെ താരപ്പൊലിമ ഉയർത്താൻ ബോളിവുഡിൽ നിന്നുള്ള ഒരുപിടി നടന്മാർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. വ്യവസായ പ്രമുഖന്മാരായ ഗൗതം അദാനി, മുകേഷ് അംബാനി എന്നിവർക്കും, പ്രമുഖരായ ചലച്ചിത്ര സംവിധായകർ, സംഗീതജ്ഞർ എന്നിവർക്കുമൊപ്പം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, എംഎസ് ധോണി എന്നിവരേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം, ഉച്ചയ്ക്ക് 12.30ഓടെയാണ് രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിക്കുക. 12 മണിക്ക് നരേന്ദ്ര മോദി അയോധ്യയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു മണിയോടെ ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയായ ശേഷം പ്രധാനമന്ത്രി സംസാരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.