തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നികുതി പിരിവിലെ കെടുകാര്യസ്ഥതയ്‌ക്കൊപ്പം ധൂര്‍ത്തും കൂടിയതോടെ ഖജനാവ് ശൂന്യം. ശമ്പളം പോലും മുടങ്ങും എന്ന അവസ്ഥയിലായി കേരളം. ഓവര്‍ ഡ്രാഫ്റ്റ് 1500 കോടിയായി ഉയര്‍ന്നതോടെ ട്രഷറി ഇടപാടുകള്‍ സ്തംഭിച്ചു.

ദിവസ ബാക്കിയായി 1.66 കോടി രൂപ ട്രഷറിയില്‍ ഇല്ലെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് താല്‍ക്കാലിക വായ്പ ലഭിക്കും. 1644 കോടിയാണ് കേരളത്തിന് താല്‍ക്കാലിക വായ്പയായി എടുക്കാന്‍ കഴിയുന്നത്. ഇതും കവിഞ്ഞ് പണമെടുക്കുമ്പോഴാണ് ഓവര്‍ഡ്രാഫ്റ്റ് ആകുന്നത്.

കേരളം ഇതിനകം 1500 കോടി ഓവര്‍ഡ്രാഫ്റ്റിലാണ്. 14 ദിവസത്തിനകം താല്‍ക്കാലിക വായ്പയും ഓവര്‍ഡ്രാഫ്റ്റും ചേര്‍ന്ന തുക തിരിച്ച് അടച്ചില്ലെങ്കില്‍ ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാകും. അനുവദിച്ചതില്‍ 1000 കോടിയുടെ വായ്പ മാത്രമാണ് ഇനി എടുക്കാന്‍ ഉള്ളത്. ഈ മാസം 27 ന് ലഭിക്കുന്ന കേന്ദ്ര നികുതി വിഹിതവും 1000 വായ്പയും കൂട്ടി ഓവര്‍ഡ്രാഫ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബാലഗോപാല്‍.

വൈദ്യുതി മേഖലയുടെ പരിഷ്‌കാരങ്ങളുടെ പേരില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന 4065 കോടി വായ്പ കൊണ്ട് ശമ്പളവും പെന്‍ഷനും കൊടുക്കാനാണ് ബാലഗോപാല്‍ ഉദ്ദേശിക്കുന്നത്. ഈ മാസത്തെ ശമ്പളവും പെന്‍ഷനും വൈകുമോ എന്ന ആശങ്കയിലാണ് ജീവനക്കാരും പെന്‍ഷന്‍കാരും.

ബജറ്റില്‍ പ്രഖ്യാപിച്ച 38,629 കോടിയുടെ പദ്ധതിയില്‍ അമ്പത് ശതമാനം മാത്രമാണ് ചെലവാക്കിയത്. സാമ്പത്തിക വര്‍ഷം അവശേഷിക്കാന്‍ 2 മാസം മാത്രം അവശേഷിക്കുമ്പോള്‍ പദ്ധതി ചെലവുകള്‍ക്ക് മാത്രം കണ്ടെത്തേണ്ടത് 20,000 കോടിയാണ്. ബാലഗോപാലിന്റെ ധനകാര്യ മാനേജ്‌മെന്റില്‍ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് കേരളത്തിന്റേയും പോക്ക്.