ഡൽഹി : അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അർദ്ധ ദിവസത്തെ അവധി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഈ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചത്. ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് ഓഫീസ് പകുതി ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ജനുവരി 22-ന് ഉച്ചയ്ക്ക് 12.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സമൂഹത്തിന്റെ നാനാതുറകളിലുള്ള മറ്റ് നിരവധി പ്രമുഖരുടെയും സാന്നിദ്ധ്യത്തിലാണ് രാമക്ഷേത്രത്തിന്റെ പ്രാൺ-പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രാൻ-പ്രതിഷ്ഠയ്ക്ക് മുന്നോടിയായി എല്ലാ ദിവസവും പ്രത്യേക ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
അതേ സമയം രാമക്ഷേത്രം തുറന്നതിന്റെ ചരിത്രവും ചരിത്ര മുഹൂർത്തങ്ങളും പ്രതിപാദിക്കുന്ന രാമക്ഷേത്രത്തിലെ സ്മരണിക തപാൽ സ്റ്റാമ്പുകൾ പ്രധാനമന്ത്രി മോദി വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. അതിന് പുറമെ രാമക്ഷേത്ര ചരിത്ര ഡോക്യുമെന്ററിയും തയ്യാറാകുന്നുണ്ട്. അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് വേണ്ടിയാണ് രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി തയ്യാറാക്കുന്നത്.
രാമപ്രതിഷ്ഠാ ചടങ്ങുകൾക്ക് തയ്യാറെടുക്കപ്പോലെ മറുവശത്ത് രാമക്ഷേത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിക്കായുള്ള അണിയറ പ്രവർത്തനങ്ങൾ തകൃതിയായ് നടന്ന് കൊണ്ടിരിക്കുകയാണ് . ഡോക്യുമെന്ററി തയ്യാറാക്കുന്നത് പ്രിയദർശനാണ്. 1883 മുതല്‍ പുതിയ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം വരെയുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നതാണ് ഈ ഡോക്യുഡ്രാമ.
ചരിത്ര പണ്ഡിതര്‍, പുരാവസ്തു വിദഗ്ധര്‍, പുരാണ-ഇതിഹാസ പണ്ഡിതര്‍ എന്നിവരടങ്ങിയ ഒരു സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് രാമക്ഷേത്ര ചരിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കവിയും ഗാനരചയിതാവും കേന്ദ്രം ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്സനുമായ പ്രസൂണ്‍ ജോഷി, പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ട്രസ്റ്റ് ചെയര്‍മാനുമായ നൃപേന്ദ്ര മിശ്ര, അയോധ്യ രാജവംശത്തിലെ പ്രമുഖനും എഴുത്തുകാരനുമായ യതീന്ദ്ര മിശ്ര എന്നിവരും ചലച്ചിത്രത്തിന്റെ നിര്‍മാണത്തിന് നേതൃത്വവും നിര്‍ദേശങ്ങളും നല്‍കുന്നു.