ന്യൂഡല്‍ഹി: കൊല്ലപ്പെട്ട മുന്‍ മോഡല്‍ ദിവ്യ പഹുജയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. ഹരിയാനയിലെ തോനയില്‍ കനാലിനുള്ളില്‍ നിന്നാണ് പഹുജയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. പഹുജയുടെ മൃതദേഹത്തിന്റെ ഫോട്ടോ കുടുംബാംഗങ്ങള്‍ക്ക് തിരിച്ചറിഞ്ഞതായും പൊലീസ് പറയുന്നു.

കൊല്ലപ്പെട്ട അധോലോക നേതാവ് സന്ദീപ് ഗദോലിയുടെ കാമുകിയാണ് ദിവ്യ പഹുജ . ‘വ്യാജ’ ഏറ്റുമുട്ടലില്‍ സന്ദീപ് ഗദോലി കൊല്ലപ്പെട്ട കേസിലെ മുഖ്യസാക്ഷിയാണ് ദിവ്യ പഹുജ. കേസില്‍ ഏഴു വര്‍ഷം ജയിലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇവര്‍ പുറത്തിറങ്ങിയത്.

ജനുവരി 2 ന് പഞ്ചാബിലെ ഗുരുഗ്രാമിലെ ഒരു ഹോട്ടലിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ 27 കാരിയായ ദിവ്യ പഹൂജ കൊല്ലപ്പെടുന്നത്. കേസിലെ പ്രതികളിലൊരാളായ ബല്‍രാജ് ഗില്ലിനെ വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്ത വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹത്തെക്കുറിച്ച് സൂചന ലഭിച്ചത്.

ഹരിയാനയിലെ തൊഹ്നയിലെ കനാലില്‍ പഹുജയുടെ മൃതദേഹം ഉപേക്ഷിച്ചതായി പ്രതി സമ്മതിച്ചിരുന്നു. ഹോട്ടലിന്റെ ഉടമ അഭിജിത് സിങ്, ഹോട്ടലിന്റെ ജീവനക്കാരായ ഓം പ്രകാശം, ഹേംരാജ് എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്ര ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

അഭിജിത്ത് സിങ്ങുമായുള്ള വഴിവിട്ട ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ദിവ്യ പഹൂജ രഹസ്യമായി പകര്‍ത്തി അതു കാണിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കൊല.

അഭിജിത്തും മറ്റുള്ളവരും ദിവ്യയുടെ മൃതദേഹം ബിഎംഡബ്ല്യു കാറില്‍ കയറ്റി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു, ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. പത്ത് ലക്ഷം രൂപയാണ് ദിവ്യയുടെ മൃതദേഹം ഉപേക്ഷിക്കാന്‍ അഭിജിത് സഹായികള്‍ക്ക് നല്‍കിയത്. മൃതദേഹം മുറിയില്‍ നിന്ന് വലിച്ചിഴച്ച് ബിഎംഡബ്‌ള്യു കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു.

ഡല്‍ഹിയിലെ വ്യവസായിയും ദിവ്യ പഹുജ കൊല്ലപ്പെട്ട ഹോട്ടലിന്റെ ഉടമയുമായ അഭിജിത് സിങ്ങാണ് കൊലയ്ക്ക് പിന്നിലെന്ന് ഇവരുടെ സഹോദരി ആരോപിച്ചിരുന്നു. അഭിജിത്തിനൊപ്പം പുറത്തിറങ്ങിയ പഹുജയെ പിന്നീട് കണ്ടിട്ടില്ലെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫോണും നിശ്ചലമായി. ഇതോടെ അഭിജിത്തിനെ വിളിച്ചെന്നും അയാള്‍ പഹുജയെ കുറിച്ച് വിവരം തരാന്‍ വിസമ്മതിച്ചെന്നും സഹോദരി ആരോപിച്ചിരുന്നു.