തിരുവനന്തപുരം : ഒന്നര കോടി മുടക്കി നിർമ്മിച്ച നവകേരള ബസ്സ് മ്യൂസിയത്തിൽ വയ്ക്കില്ല. ബസ് മ്യൂസിയത്തിൽ വയ്ക്കണമെന്നൊരു നിർദേശം ഉള്ളതായി തനിക്ക് അറിയില്ലെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ബാലന്റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും നിലവില്‍ അത്തരം തീരുമാനങ്ങളില്ലെന്നും നവകേരള സദസിന് ഉപയോഗിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മ്യൂസിയത്തില്‍ സൂക്ഷിക്കില്ലായെന്നും കടന്നപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

എന്തിനാണ് സംസ്ഥാന സർക്കാർ ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധിലൂടെ പോകുമ്പോൾ കോടികൾ മുടക്കി ഇങ്ങനൊരു ബസ് എന്ന് ചോദിച്ചപ്പോൾ ബസ് മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ചരിത്രപരമായിരിക്കുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കാണാൻ ലക്ഷക്കണക്കിന് ആളുകൾ ടിക്കറ്റെടുത്ത് വരുമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയം​ഗം എ കെ ബാലൻ്റെ പ്രതികരണം.

ഈ വിഷയമാണ് താൻ അറിഞ്ഞതല്ല എന്ന് കടന്നപ്പള്ളി ഇപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. നിലവിൽ ബസ് കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി ബെംഗളൂരുവിലെ ബസ് നിർമ്മാണ കമ്പനിയിൽ അറ്റകുറ്റപ്പണി നടത്താൻ ചെന്നൈയിൽ എത്തിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സീറ്റിലടക്കം അടിമുടി മാറ്റമാണ് വരുന്നത്. കറങ്ങുന്ന സീറ്റ് ഇളക്കി മാറ്റി പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്സില്‍ ഭദ്രമായി സൂക്ഷിക്കും. ബസിന്‍റെ ചില്ലുകള്‍ മാറ്റുമെങ്കിലും ശുചിമുറി നിലനിര്‍ത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ ബസ് തിരികെ കേരളത്തിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒരു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ബസ് ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് സജ്ജമാക്കിയത്.