തിരുവനന്തപുരം : അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് എത്താൻ ക്ഷണിച്ചവരുടെ കൂട്ടത്തിൽ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ഉദ്ഘാടന ​ദിവസം തിരക്കായതിനാൽ അയോധ്യയിലേക്കുള്ള യാത്ര നാളെയെന്ന് ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി അയോധ്യയില്‍ മതപരമായ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.

ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ്, വിശ്വഹിന്ദു പരിഷത്ത്, രാഷ്ട്രീയ സ്വയംസേവക് സംഘം എന്നിവയുടെ ഭാരവാഹികളാണ് ചടങ്ങിന് എത്തേണ്ട അതിഥികളുടെ പട്ടിക തയ്യാറാക്കുന്നത്. 150 ഓളം കമ്മ്യൂണിറ്റികളില്‍ നിന്നുള്ളവരെ അതിഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖരുടെ സംഗമത്തിനാണ് അയോധ്യ ഒരുങ്ങുന്നത്.

രാഷ്ട്രീയ-സാംസ്‌കാരിക-സാമുദായിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകുന്ന രാമക്ഷേത്രത്തിന്റ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ നടന്‍ മോഹന്‍ലാലിന് ക്ഷണം ലഭിച്ചിരുന്നു. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതവും ക്ഷണപത്രവും കൈമാറി ആര്‍എസ്എസ് നേതാക്കളാണ് അദ്ദേഹത്തെ ക്ഷണിച്ചത്.

പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും യു പി സർക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാ മദ്യവിൽപ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്‍റെ ഉത്തരവും ഇറങ്ങിയിരിക്കുന്നത്.

അതേസമയം ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് നേതാക്കളാരും അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഹൈക്കമാൻഡ് അറിയിച്ചു. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ ചടങ്ങിനുള്ള ക്ഷണം നിരസിക്കുകയാണെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസ് പത്രക്കുറിപ്പ് പുറത്തുവിട്ടത്. രാമക്ഷേത്രം പൂർത്തിയായിട്ടില്ലെന്നും പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിലൂടെ ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പു നേട്ടമാണ് ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് പ്രസ്താവനയിൽ ആരോപിച്ചിരുന്നു.