മുംബൈ: ഇന്ത്യയുമായി അകന്ന് ചൈനയുമായി ബന്ധം ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന മാലിദ്വീപുമായി വ്യാപാരം ബന്ധം കുറയ്ക്കാന്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍. ടൂറിസം പ്രധാന വരുമാന മാര്‍ഗ്ഗമായ മാലിദ്വീപുകളിലേക്കുള്ള വിനോദ സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യം വെക്കുന്നത്.

ലക്ഷദ്വീപില്‍ വമ്പന്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരിഹസിച്ച് മാലിദ്വീപ് മന്ത്രിമാര്‍ രംഗത്ത് എത്തിയതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. ഇതോടെ മാലിദ്വീപ് ടൂറിസത്തോട് ബൈ പറഞ്ഞിരിക്കുക കൂടിയാണ് ഉടമ രത്തന്‍ ടാറ്റ.

ട്വിറ്ററിലൂടെയാണ് ടാറ്റ ഗ്രൂപ്പ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്കായി താജ് റിസോര്‍ട്ടുകള്‍ ആണ് പണിയുന്നത്. രണ്ടിന്റെയും നിര്‍മ്മാണം 2026 ഓടെ പൂര്‍ത്തിയാക്കും. സുഹേലി, കടമത്ത് എന്നിവിടങ്ങളിലാണ് ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നത്.

മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മ്മിക്കാനും പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്.
2026 മാര്‍ച്ച് 31 ഓടെ അത്യാധുനിക വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് വിവരം. ഐലാന്‍ഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപിലേക്ക് കേന്ദ്രം ശ്രദ്ധ ചെലുത്തുന്ന സാഹചര്യത്തില്‍ പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് ലക്ഷ്യം.

പ്രധാനമന്ത്രി ദ്വീപ് സന്ദര്‍ശിച്ചതിന് പിന്നാലെ ലക്ഷദ്വീപിനെ കുറിച്ച് തിരയുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധന സംഭവിച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം, ലക്ഷദ്വീപിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുകയാണ് സ്‌പൈസ് ജെറ്റ്. കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ് സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലക്ഷദ്വീപിലെ നിലവിലെ ഏക എയര്‍സ്ട്രിപ്പായ അകത്തി ദ്വീപിലേക്കാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. കൊച്ചിയിലേക്കുള്ള സര്‍വ്വീസ് വെട്ടിക്കുറച്ചാണ് ലക്ഷദ്വീപിലേക്ക് സ്‌പൈസ് ജെറ്റ് സര്‍വീസ് ആരംഭിക്കുന്നത്.

റീജ്യണല്‍ കണക്ടിവിറ്റി സ്‌കീം പ്രകാരം ഉടനെ ലക്ഷദ്വീപിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കാന്‍ ആകുമെന്നാണ് അജയ് സിങിന്റെ പ്രതീക്ഷ.

അത്യാഢംബര കപ്പലുകളെ വെല്ലുന്ന രീതിയിലാകും ടാറ്റാ ഗ്രൂപ്പിന്റെ ഹോട്ടലുകളുടെ നിര്‍മ്മാണം. സുഹേലിയില്‍ നിര്‍മ്മിക്കുന്ന താജ് റിസോര്‍ട്ടില്‍ 110 മുറികള്‍ ഉണ്ടാകും. 60 ബീച്ച് വില്ലകളും, 50 വാട്ടര്‍ വില്ലകളും ആകും ഇവിടെ ഉണ്ടാകുക. കടമത്തിലെ ഹോട്ടലിലും 110 മുറികളുള്ള റിസോര്‍ട്ടാണ് നിര്‍മ്മിക്കുന്നത്. 75 ബീച്ച് വില്ലകളും 35 വാട്ടര്‍ വില്ലകളുമാണ് ഇവിടെ ഉണ്ടാകുക. ഇരു ഹോട്ടലുകളും വരുന്നതോട് കൂടി ലോകത്തെ തന്നെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ലക്ഷദ്വീപ് മാറും. അതേസമയം രാജ്യത്തെ പല വന്‍ കിട കമ്പനികളും ലക്ഷദ്വീപിന്റെ ടൂറിസം ലക്ഷ്യമിട്ട് നിര്‍ണായക പദ്ധതികള്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം.