മാലദ്വീപ് : വിനോദ സഞ്ചാരികളെ മാലദ്വീപിലേക്കായക്കാന്‍ ചൈനയോട് സഹായം തേടി മാലിദ്വീപ്. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കണമെന്നാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ അഭ്യര്‍ഥന. ചുരുക്കി പറഞ്ഞാല്‍ മാലദ്വീപ് മന്ത്രിമാര്‍ പ്രധാന മന്ത്രി മോദിയെ ആക്ഷേപിച്ചതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചൈനയ്ക്ക് മുന്നില്‍ കൈകൂപ്പിയിരിക്കുകയാണ് മാലിദ്വീപ് .
ടൂറിസം രംഗത്ത് ഇന്ത്യയില്‍ നിന്നേറ്റ തിരിച്ചടിക്ക് അത്ര ചെറുതൊന്നുമല്ലെന്ന് സാരം.”ചൈന ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലും വികസന പങ്കാളികളിലും ഒന്നാണ്. കോവിഡിന് മുമ്പ് ചൈന ഞങ്ങളുടെ നമ്പര്‍ വണ്‍ വിപണി ആയിരുന്നു, ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ ഞങ്ങള്‍ ശക്തമാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന,” അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരായ ചില മാലിദ്വീപ് മന്ത്രിമാരുടെ ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരില്‍ നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ മാലിദ്വീപ് യാത്ര പിന്‍വലിച്ചിരുന്നു. ഹോട്ടലുകളുടെയും വിമാനടിക്കറ്റുകളുടെയും ബുക്കിങ് റദ്ദാക്കിയത് ദ്വീപ് രാഷ്ട്രത്തിന് വലിയ തിരിച്ചടിയായി.
2023-ല്‍ മാലിദ്വീപിലേക്ക് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. 209,198 പേര്‍ എത്തി. 209,146 പേര്‍ എത്തിയ റഷ്യ രണ്ടാം സ്ഥാനത്തും 187,118 പേര്‍ എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്. ഈ സാഹചര്യത്തിലാണ് മുയിസുവിന്റെ അപ്പീല്‍.
ചൈനയിലെ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ ഫുജിയാന്‍ പ്രവിശ്യയില്‍ മാലിദ്വീപ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മുയിസു. ചൈനയെ മാലിദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.