
പങ്കാളിത്ത പെൻഷൻ: ബജറ്റിൽ ബാലഗോപാൽ പ്രഖ്യാപിച്ചതും നടന്നതും
ധനമന്ത്രി കെ.എൻ ബാലഗോപാൽ അഞ്ചാം ബജറ്റിൻ്റെ തയ്യാറെടുപ്പിലാണ്. 2021- 22 ലെ പുതുക്കിയ ബജറ്റ് , 2022- 23, 2023- 24 , 2024-25 സാമ്പത്തിക വർഷങ്ങളിലെ ബജറ്റ് എന്നിങ്ങനെ 4 ബജറ്റുകളാണ് ബാലഗോപാൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്.
പ്രഖ്യാപനങ്ങൾ പലതും നടത്തുമെങ്കിലും 80 ശതമാനം പ്രഖ്യാപനങ്ങളും നടപ്പിലാകില്ല എന്നതാണ് ബാലഗോപാലിൻ്റെ ബജറ്റിൻ്റെ പ്രത്യേകത. 2016 ൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും എന്ന് പ്രകടന പത്രികയിൽ വാഗ്ദാനം നൽകിയ എൽഡിഎഫ് ഭരണം കിട്ടി 8 വർഷം കഴിഞ്ഞിട്ടും പദ്ധതി പിൻവലിച്ചില്ല.
പദ്ധതിയെ കുറിച്ച് പഠിക്കാൻ 1 കോടി രൂപ മുടക്കി സമിതിയെ നിയോഗിച്ചു. സമിതി നൽകിയ റിപ്പോർട്ട് പഠിക്കാൻ വീണ്ടും സമിതിയെ വച്ചു. ഒന്നും നടന്നില്ല എന്നത് ചരിത്രം. പങ്കാളിത്ത പെൻഷൻ പദ്ധതിയെ പറ്റി ബാലഗോപാൽ 2024- 25 ലെ ബജറ്റിൽ പ്രഖ്യാപിച്ചതും നടന്നതും ഒന്ന് പരിശോധിക്കാം.
ബജറ്റ് പ്രസംഗം ഖണ്ഡിക 560 ലെ പ്രഖ്യാപനം ഇങ്ങനെ “പങ്കാളിത്ത പെൻഷൻ പദ്ധതി സൃഷ്ടിച്ച അരക്ഷിതത്വം ജീവനക്കാരിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തുടർ പരിശോധനക്കായി 3 അംഗ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ സമ്പ്രദായം പുനഃപരിശോധിച്ച് ജീവനക്കാർക്ക് സുരക്ഷിതത്വം നൽകുന്ന ഒരു പെൻഷൻ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കേന്ദ്ര സർക്കാരിന് നൽകിയ വിഹിതം തിരികെ ലഭ്യമാക്കാൻ ആവശ്യമായ നടപടി സ്വികരിക്കും. ഒരു ‘Assured’ പെൻഷൻ സമ്പ്രദായം നടപ്പിലാക്കുന്നതിനുവേണ്ടി പുതുക്കിയ സ്കീം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികൾ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികൾ സ്വികരിക്കും”.
ബാലഗോപാലിൻ്റെ ബജറ്റ് പ്രസംഗം കഴിഞ്ഞ് പിറ്റേ ദിവസം പ്രമുഖ മാധ്യമങ്ങളിലെ തലക്കെട്ട് ഇങ്ങനെ “പങ്കാളിത്ത പെൻഷൻകാർക്ക് പുതിയ പെൻഷൻ സ്കീം”. ബജറ്റ് പ്രസംഗം കഴിഞ്ഞ് അടുത്ത പ്രസംഗത്തിന് ബാലഗോപാൽ തയ്യാറെടുക്കുമ്പോഴും പ്രഖ്യാപിച്ച പെൻഷൻ സ്കീമിൽ ഒരു നടപടിയും ഉണ്ടായില്ല.
പങ്കാളിത്ത പെൻഷൻകാർക്കുള്ള ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ച് 2024 ഒക്ടോബർ 8 ന് മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭയിൽ ബാലഗോപാലിനോട് ചോദ്യം ഉന്നയിച്ചിരുന്നു. പങ്കാളിത്ത പെൻഷൻ പുനപരിശോധന സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും റിപ്പോർട്ട് പരിശോധിക്കുന്നതിന് 2-11 -23 ൽ ധനമന്ത്രി, നിയമ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതി രൂപീകരിച്ചിട്ടുണ്ട്.
ആനുകൂല്യങ്ങളും ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ സ്കീമും മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ സർക്കാർ ഉചിതമായ തീരുമാനം കൈ കൊള്ളും എന്നായിരുന്നു ബാലഗോപാലിൻ്റെ മറുപടി. ബാലഗോപാലും പി.രാജീവും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതി ഒരു വർഷം കഴിഞ്ഞിട്ടും ഒരു യോഗം പോലും കൂടിയില്ലെന്നത് ചരിത്രം.