ഇറാന്‍ : തട്ടമിടാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്ക് വച്ച യുവതിക്ക് 74 ചാട്ടവാറടി ശിക്ഷ. പൊതുധാര്‍മ്മികത ലംഘിച്ചു എന്നാരോപിച്ച് ഇറാനിലെ റോയ ഹേഷ്മതി എന്ന യുവതിക്കാണ് 74 ചാട്ടവാറടി ശിക്ഷ നല്‍കിയത്. യുവതി ശിക്ഷയ്ക്ക്‌ വിധേയായതെന്നും ഹിജാബില്ലാതെ ചിത്രം പങ്കുവച്ചതിനും ഹിജാബിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കുകയും ചെയ്തതിനാണ് ശിക്ഷ നല്‍കിയതെന്നും ഇറാനിലെ ഔദ്യോഗിക വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട്.

തല മറക്കാതെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഏപ്രിലിലാണ് അവളെ സ്വന്തം വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. മുട്ടുവരെയുള്ള കറുത്ത പാവാടയും ചുവന്ന ടോപ്പും ധരിച്ച് തെരുവിലൂടെ ഹിജാബ് ധരിക്കാതെ നടക്കുന്നതായിരുന്നു ചിത്രം.

പൊതുധാര്‍മ്മികത ലംഘിച്ചതിന് നിയമപ്രകാരവും ശരിയ നിയമപ്രകാരവുമാണ് റോയ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ വാദം. 1979 -ലെ ഇസ്ലാമിക് റെവല്യൂഷന് ശേഷം ഇവിടെ സ്ത്രീകളെല്ലാവരും അവരുടെ കഴുത്തും തലയും മറക്കാന്‍ ബാധ്യതയുള്ളവരാണ് എന്നും മിസാന്‍ പറയുന്നു.

സംഭവത്തിനെതിരെ ലോകത്താകെയും ജനങ്ങളുടെ പ്രതിഷേധം ഉയരുകയാണ്. ആക്ടിവിസ്റ്റുകളും രാഷ്ട്രീയപ്രവര്‍ത്തകരും ശിക്ഷയെ വിശേഷിപ്പിച്ചത് ‘മനുഷ്യത്വരഹിതം’ എന്നാണ്.

റോയയെ ആദ്യം ശിക്ഷിച്ചത് 13 വര്‍ഷത്തെ തടവിനും 12 റിയാല്‍ പിഴയ്ക്കും 74 ചാട്ടവാറടിക്കുമാണ്. എന്നാല്‍, പിന്നീട് അപ്പീല്‍ പോയതിനെ തുടര്‍ന്ന് അവളുടെ തടവ് റദ്ദാക്കുകയായിരുന്നു. ഹെന്‍ഗാവ് എന്ന കുര്‍ദ്ദിഷ് കേന്ദ്രീകരിച്ചുള്ള മനുഷ്യാവകാശ സംഘടന പറയുന്നത് പ്രകാരം റോയ 23 വയസുള്ള കുര്‍ദ്ദിഷ് വംശജയായ സ്ത്രീയാണ്.