തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചു. ഈമാസം 22വരെ റിമാന്റ് ചെയ്തു.

രണ്ടുതവണ വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ജാമ്യം നിഷേധിച്ചത്. ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടതിയെ അറിയിച്ചിരുന്നു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.

ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു മെഡിക്കൽ പരിശോധന. നേരത്തേ ഫോർട്ട് ആശുപത്രിയിലാണ് ആദ്യം മെഡിക്കൽ പരിശോധന നടത്തിയത്.

പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. അപ്രതീക്ഷിതവും നാടകീയവുമായിരുന്നു പൊലീസിന്റെ നടപടികൾ. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തി. പ്രദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചു. തടസങ്ങൾ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും വിലക്കുണ്ടായി.

രാഹുലിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ പൊലീസ് പറഞ്ഞു. സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ പറഞ്ഞു. രാഹുലിന് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു. സെക്രട്ടറിയേറ്റ മാർച്ചിലെ സംഘർഷത്തിൽ നാലാം പ്രതിയാണ് രാഹുൽ. അനുമതിയില്ലാത്ത സമരം , പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്.