ചത്തീസ്ഗഡ് : ഛത്തീസ്ഗഡില്‍ കൂട്ട സ്ഥലം മാറ്റം. 19 ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെ 88 ഐഎഎസ് ഉദ്യോഗസ്ഥരെ ചത്തീസ്ഗഡ് സര്‍ക്കാര്‍ സ്ഥലം മാറ്റി. ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുമായി അടുപ്പമുള്ളവരായി കണക്കാക്കപ്പെടുന്ന ചില ഉദ്യോഗസ്ഥരും സ്ഥലം മാറ്റപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ഛത്തീസ്ഗഡില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി സര്‍ക്കാരാണ് വലിയൊരു ബ്യൂറോക്രാറ്റിക് പുനഃസംഘടന നടത്തിയിരിക്കുന്നത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 19 ജില്ലകളിലെ കളക്ടര്‍മാരെ സ്ഥലം മാറ്റാനുള്ള നടപടി.

ഉത്തരവ് പ്രകാരം, റായ്പൂര്‍, മനേന്ദ്രഗഡ്-ചിര്‍മിരി-ഭരത്പൂര്‍ , കാങ്കര്‍, കോര്‍ബ, രാജ്‌നന്ദ്ഗാവ്, ബെമെതാര, കൊണ്ടഗാവ്, ദുര്‍ഗ്, സൂരജ്പൂര്‍, നാരായണ്‍പൂര്‍, ദന്തേവാഡ, ബീജാപൂര്‍, സര്‍ഗുജ, ജഞ്ജ്ഗിര്‍-ചമ്പ, ബലോഡ്, ധംതാരി, സരണ്‍ഗര്‍ഹ്താരി, കളക്ടര്‍മാര്‍ -ബിലൈഗഡ്, ഖൈരാഗഡ്-ചുയിഖാദന്‍-ഗണ്ഡായി, ഗരിയബന്ദ് എന്നിവരെയാണ് മാറ്റിയത്.

നിലവില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന 2006 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍ പി.ദയാനന്ദനെ മെഡിക്കല്‍ വിദ്യാഭ്യാസ സെക്രട്ടറിയുടെ അധിക ചുമതലയില്‍ നിന്ന് ഒഴിവാക്കി.

ഊര്‍ജം, മിനറല്‍ റിസോഴ്സ്, പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സെക്രട്ടറി, ഛത്തീസ്ഗഡ് സ്റ്റേറ്റ് പവര്‍ കമ്പനിയുടെ ചെയര്‍മാന്‍, വാണിജ്യ-വ്യവസായ , വ്യോമയാന വകുപ്പുകളുടെ സെക്രട്ടറി എന്നിവയുടെ അധിക ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.