വിവാദം സൃഷ്ടിച്ച അദാനി-ഹിൻഡൻ ബർഗ് റിപ്പോർട്ട്: സുപ്രിംകോടതി വിധി ഇന്ന്

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷിക്കാൻ പുതിയ സമിതി വേണമെന്ന ഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക. ഷോർട്ട് സെല്ലിങ് പോലുള്ള സംഭവങ്ങൾ മൂലമുണ്ടാകുന്ന സ്ഥിരതയില്ലായ്മയിൽനിന്ന് ഓഹരി വിപണിയെ സംരക്ഷിക്കാൻ സെബി നടപടിയെടുക്കണമെന്ന് കോടതി നേരത്തേ വാക്കാൽ നിർദേശിച്ചിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും നിക്ഷേപക സുരക്ഷയ്ക്കും സ്വീകരിക്കുന്ന നടപടികളിൽ സുപ്രിംകോടതി നിർദേശം നൽകിയിരുന്നു. കഴിഞ്ഞ നവംബറിൽ വാദം പൂർത്തിയായ കേസിലാണ് വിധി.

2023 ജനുവരി 24-നാണ് അദാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. ലോക സമ്പന്നൻമാരുടെ പട്ടികയിൽ അദാനി പിന്തള്ളപ്പെടുകയും ചെയ്തിരുന്നു.

ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏർപ്പെടുകയാണെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങി. കള്ളപ്പണം വെളുപ്പിക്കുന്നതായും ആരോപണമുയർന്നിരുന്നു.

ന്യായമായതിലും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യൻ ഓഹരി വിപണിയെത്തന്നെ പിടിച്ചുലച്ച റിപ്പോർട്ട് വൻ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments