ഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി രണ്‍ധീര്‍ ജയ്സ്വാള്‍ . ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയോഗിച്ചതിന് പിന്നാലെ അരിന്ദം ബാഗ്ചി സ്ഥാനം ഒഴിഞ്ഞതോടെയാണ് സ്ഥാനമാറ്റം. പുതിയ വക്താവായി രണ്‍ധീര്‍ ജയ്സ്വാള്‍ സ്ഥാനമേറ്റെന്ന് അരിന്ദം ബാഗ്ചി തന്നെ് പ്രഖ്യാപിച്ചു.

ട്വിറ്ററിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വക്താവായി ചുമതല ഏറ്റ രണ്‍ധീര്‍ ജയ്സ്വാളിന് അരിന്ദം ബാഗ്ചി ആശംസകള്‍ അര്‍പ്പിക്കുകയും സ്ഥാനമാറ്റ സൂചകമായ ബാറ്റണ്‍ കൈമാറുകയും ചെയ്യ്തു.


1998 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് പുതുതായി ചുമതലയേറ്റ രണ്‍ധീര്‍ ജയ്സ്വാള്‍. നിലവില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി പ്രവര്‍ത്തിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായിരുന്ന ജയ്സ്വാള്‍ നിരവധി അന്താരാഷ്ട്ര ഉച്ചകോടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.

1995 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് അരിന്ദം ബാഗ്ചി. ഇന്ദ്ര മണി പാണ്ഡെ ഒഴിയുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയിലെത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ബാഗ്ചി ക്രൊയേഷ്യയിലെ അംബാസിഡറായും ശ്രീലങ്കയില്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും ചുമതല വഹിച്ചിട്ടുണ്ട്.