പത്തനംതിട്ട: ജെസ്ന തിരോധാനക്കേസിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതിൽ പ്രതികരണവുമായി മുൻ ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി. ജെസ്ന പ്രപഞ്ചത്തിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ സിബിഐ കണ്ടെത്തിയിരിക്കും. ഈ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ് സിബിഐ. ജെസ്ന കേസ് അന്വേഷണത്തിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചത് സാങ്കേതികത്വം മാത്രമാണെന്നും ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി.

ഒരു കേസ് ഏറെ നാളുകളായി അന്വേഷിച്ചു വ്യക്തമായ തുമ്പ് കിട്ടിയില്ലെങ്കിൽ താത്ക്കാലികമായി ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കും. എന്നെങ്കിലും ഒരു സൂചന കിട്ടിയാൽ തുടരന്വേഷണം നടത്തി മുന്നോട്ടുപോകാം. കേസ് തെളിയിക്കുക എന്നത് പോലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് ഭാഗ്യം കൂടിയാണ്. അന്വേഷണം കണ്ണികൾ പോലെയാണ്. ഒരു കണ്ണി നഷ്ടമായാൽ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള പോലീസിനും മറ്റ് ഏജൻസികൾക്കും ഇപ്പോൾ താത്ക്കാലിക വിശ്രമം ഉണ്ടായെങ്കിലും ഈ കേസ് തെളിയുക തന്നെ ചെയ്യുമെന്നാണ് വിശ്വാസം. ലോകത്ത് പല കേസുകളും തെളിയിക്കപ്പെടാതെ കിടപ്പുണ്ട്. ടൈറ്റാനിക് മുങ്ങിപ്പോയിട്ട് എത്ര വർഷം കഴിഞ്ഞാണ് യഥാർഥ ചിത്രം കിട്ടിയത്. നിരാശരാകേണ്ട കാര്യമില്ല. അന്വേഷണം പൂർണമായും അടഞ്ഞുവെന്ന് കരുതേണ്ട. സിബിഐയിൽ തനിക്ക് പൂർണവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

കേസ് തങ്ങൾ അന്വേഷിച്ചപ്പോൾ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു കേസ് തെളിയാതെ വരുമ്പോൾ പരസ്പരം കുറ്റപ്പെടുത്തലുകൾ ഉണ്ടാകാറുണ്ട്. ആരും മനപൂർവം കുറ്റം ചെയ്തതായി കാണുന്നില്ല. ലോക്കൽ പോലീസ് നൂറുകണക്കിന് കേസ് അന്വേഷിക്കുമ്പോൾ അവർക്ക് എല്ലാം ക്യത്യമായി അന്വേഷിക്കാൻ കഴിയാറില്ല. അന്ന് ഇത് വെല്ലുവിളിയായിരുന്നില്ല. അതുകൊണ്ടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തങ്ങളും തെളിയിക്കാഞ്ഞിട്ടാണ് സിബിഐയ്ക്ക് കൊടുത്തത്. കുറ്റപ്പെടുത്തലിനും പഴിചാരലിനും പ്രസക്തിയില്ലെന്നും ടോമിൻ ജെ തച്ചങ്കരി കൂട്ടിച്ചേർത്തു.