ടോക്യോ: പുതുവത്സരദിനത്തിൽ ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നാലുപേർ മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജപ്പാൻ കടലോരത്തെ ഇഷികാവ പ്രിഫെക്ചറിലെ നോതോയിൽ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-നുണ്ടായ (ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.51) ഭൂകമ്പത്തിൽ 1.2 മീറ്റർ ഉയരത്തിൽ തിരമാലയടിച്ചു. ഭൂകമ്പമാപിനിയിൽ 7.6 തീവ്രതരേഖപ്പെടുത്തിയ ചലനത്തിൽ വീടുകൾ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
അഞ്ചു മീറ്ററിലേറെ ഉയരത്തിൽ തിരമാലയടിക്കുന്ന വൻ സുനാമിയുണ്ടാകുമെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി ആദ്യം മുന്നറിയിപ്പു നൽകിയെങ്കിലും പിന്നീട് അതിന്റെ തീവ്രത താഴ്ത്തി. ആദ്യ ഭൂകമ്പത്തിനുശേഷമുള്ള 90 മിനിറ്റിനിടെ നാല് തീവ്രത രേഖപ്പെടുത്തിയ 21 എണ്ണമുൾപ്പെടെ ഒട്ടേറെ തുടർചലനങ്ങളുണ്ടായി. പ്രദേശികസമയം രാത്രി 11-ഓടെ ഏഴ് തീവ്രതയുള്ള ഭൂകമ്പവുമുണ്ടായി.
പുതുവത്സര അവധിയായതിനാൽ കുടുംബങ്ങൾ ഒന്നിച്ചുകൂടുകയും ആരാധനാലയങ്ങൾ സന്ദർശിക്കുകയും ചെയ്യുന്ന ദിനമായിരുന്നു തിങ്കളാഴ്ച. സുനാമിസാധ്യതയുള്ള ഇടങ്ങളിൽനിന്ന് പെട്ടെന്ന് ഒഴിഞ്ഞുപോകാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡ നിർദേശിച്ചു. നാശനഷ്ടം എത്രയെന്ന് വിലയിരുത്തുകയാണെന്നും ആരെങ്കിലും മരിച്ചോയെന്നു വ്യക്തമല്ലെന്നും സർക്കാർ പറഞ്ഞു.
എന്നാൽ, തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ ആറുപേർ കുടുങ്ങിക്കിടപ്പുണ്ടെന്ന് സർക്കാർ വക്താവ് പറഞ്ഞു. വിശദാംശങ്ങൾ നൽകിയില്ല. ആദ്യ ഭൂകമ്പമുണ്ടായി 11-ാം മിനിറ്റിൽ വാജിമ തുറമുഖത്ത് 1.2 മീറ്റർ ഉയരത്തിൽ തിരമാലയടിച്ചു. ഇവിടെ വീടുകൾക്കു തീപിടിച്ചു. ആളുകളെ ഒഴിപ്പിച്ചു. അഗ്‌നിരക്ഷാസേനയുടെ നാലു വാഹനങ്ങൾ തീയണയ്ക്കാനെത്തി. നോതോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളായ നൈഗാട്ട, ടൊയാമ, ഇഷിഗാട്ട എന്നിവിടങ്ങളിലെ 33,500 വീടുകളിൽ വൈദ്യുതി മുടങ്ങി.
രണ്ടോമൂന്നോ ദിവസത്തിനിടെ ശക്തമായ ഭൂചലനം വീണ്ടുമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ജപ്പാന്റെ വടക്കേ അറ്റത്തെ ദ്വീപായ ഹൊക്കൈഡോയിലും ഉത്തരകൊറിയയുടെയും റഷ്യയുടെയും തീരങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകി.