തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാളെ രാവിലെ 11.00 മണി മുതൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ട്. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയിലും സമീപ റോഡുകളിലും ഒന്നും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുകയില്ല.

കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങൾ സ്വരാജ് റൗണ്ടിൽ പ്രവേശിപ്പിക്കാതെ തന്നെ വഴിതിരിച്ചുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്. റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട് എന്നിവിടങ്ങളിലേക്ക് പോകുന്നവരും വിവിധ പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തുന്നവരും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വിവരം മുൻകൂട്ടി മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്.

പരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടേതുൾപ്പെടെ എല്ലാ വാഹനങ്ങളും പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുള്ളൂ. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ റോഡരികിൽ പാർക്ക് ചെയ്‌ത്‌ ഗതാഗത തടസം സൃഷ്‌ടിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയുണ്ടാകുമെന്നാണ് ട്രാഫിക് പോലീസ് അറിയിച്ചത്. പൊതുജനങ്ങൾ അത്യാവശ്യ സാഹചര്യമില്ലാത്തപക്ഷം തൃശൂർ നഗരത്തിലേയ്ക്ക് സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയാണ് കേരളത്തിൽ എത്തുന്നത്. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന അദ്ദേഹം നേരെ തൃശൂരിലേക്ക് പോകും. അവിടെ തേക്കിൻകാട് മൈതാനം ചുറ്റി അദ്ദേഹത്തിന്റെ റോഡ് ഷോയും നാളെ നടക്കും. റോഡ് ഷോയ്ക്ക് ശേഷം മഹിളാ സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തൃശൂരിലെ റോഡ് ഷോയും പൊതു സമ്മേളനവും ഉൾപ്പെടെ വിവിധ പരിപാടികളിലായി രണ്ടര മണിക്കൂറോളം അദ്ദേഹം ചെലവഴിക്കും. 3 മണിക്ക് ഹെലികോപ്റ്ററിൽ കുട്ടനെല്ലൂർ ഹെലിപ്പാഡിൽ ആകും പ്രധാനമന്ത്രി എത്തുക. തുടർന്ന് റോഡ് മാർ​ഗം തൃശൂരിലേക്ക് പോവും. ഇവിടെ കലക്‌ടർ അടക്കമുള്ളവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും.

അതേസമയം, പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ഇതിന്റെ ഭാ​ഗമായി ന​ഗരത്തിൽ കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ മുതൽ തന്നെ ന​ഗരം എസിപിജിയുടെ നിയന്ത്രണത്തിലാണ്. സമ്മേളനം നടക്കുന്ന തേക്കിൻകാട് മൈതാനത്തേക്ക് കർശന പരിശോധനയോടെ മാത്രമാണ് ആളുകളെ കടത്തിവിടുന്നത്. എസ്‌പിജി ഉദ്യോ​ഗസ്ഥർ, കളക്‌ടർ വിആർ കൃഷ്‌ണ തേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തിൽ ക്രമീകരണങ്ങൾ നടക്കുന്നത്. നാളെ രാവിലെ മുതൽ തന്നെ തൃശൂർ നഗരത്തിലും പരിസര പ്രദേശത്തും ​ഗതാ​ഗത നിയന്ത്രണം നടപ്പിലാക്കാനാണ് തീരുമാനം.