Technology

റിലയന്‍സ് ജിയോയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ്; ഇന്‍-സ്‌പേസ് ഈ മാസം അനുമതി നൽകിയേക്കും

മുംബൈ: റിലയന്‍സ് ജിയോയുടെ രാജ്യത്ത് ഉപഗ്രഹ-അധിഷ്ടിത ഗിഗാബിറ്റ് ഫൈബര്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി ഈ മാസം ലഭിച്ചേക്കും. ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്റ് ഓതറൈസേഷന്‍ സെന്ററില്‍ (ഇന്‍-സ്‌പേസ്) നിന്നാണ് അനുമതി ലഭിക്കേണ്ടത്.

അനുമതിയ്ക്കായി വേണ്ട രേഖകളെല്ലാം കമ്പനി ഇന്‍-സ്‌പേസിന് നില്‍കിയിട്ടുണ്ട്. സേവനം ആരംഭിക്കുന്നതിനുള്ള അനുമതികള്‍ താമസിയാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എക്കോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഗ്ലോബല്‍ സാറ്റലൈറ്റ് ബാന്‍ഡ് വിഡ്ത് ഇന്ത്യയില്‍ വിന്യസിക്കുന്നതിന് ഈ അനുമതി ആവശ്യമാണ്.

വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള അനുമതികള്‍ ലഭിക്കുകയും സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാകുകയും ചെയ്തതിന് ശേഷമേ ഇന്‍-സ്‌പേസിന്റെ അംഗീകാരം ലഭിക്കൂ.ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹ വിനിമയ കമ്പനിയായ എസ്ഇഎസുമായി ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സ് ജിയോ ഒരു സംയുക്ത സംരംഭത്തിന് തുടക്കമിട്ടത്. ഉപഗ്രഹങ്ങള്‍ വഴി ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കുകയാണ് ലക്ഷ്യം.

യൂടെല്‍സാറ്റ് വണ്‍വെബ്ബ്, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്, ആമസോണ്‍ തുടങ്ങിയ കമ്പനികളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.അതേസമയം ജിയോയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിന് ടെലികോം വകുപ്പില്‍ നിന്നുള്ള ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍സ് ബൈ സാറ്റലൈറ്റ് സര്‍വീസസ് (ജിഎംപിസിഎസ്) ലൈസന്‍സ് ഇതിനകം ലഭിച്ചിട്ടുണ്ട്.ഭാരതി എയര്‍ടെല്‍ പിന്തുണയുള്ള യൂടെല്‍ സാറ്റ് വണ്‍വെബ്ബിന് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനുള്ള ഇന്‍-സ്‌പേസിന്റെ അനുമതി ലഭിച്ചിട്ടുള്ളത്.

സെപ്ക്ട്രം അനുമതി ലഭിച്ചാലുടന്‍ ജിയോസ്‌പേസ്‌ഫൈബര്‍ സേവനം ആരംഭിക്കുമെന്ന് ജിയോ പ്രസിഡന്റ് മാത്യൂ ഉമ്മന്‍ വ്യക്തമാക്കിയിട്ടുണ്ട്.പരമ്പരാഗത ഇന്റര്‍നെറ്റ് നെറ്റ് വര്‍ക്കുകള്‍ക്ക് ചെന്നെത്താന്‍ സാധിക്കാത്ത സങ്കീര്‍ണമായ ഭൂപ്രദേശങ്ങളില്‍ ഉപഗ്രഹത്തില്‍ നിന്ന് നേരിട്ട് കണക്ടിവിറ്റി എത്തിക്കാന്‍ ഇതുവഴി സാധിക്കും. ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാണ്.

Leave a Reply

Your email address will not be published. Required fields are marked *