ബംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയ് ഹിന്ദ് ചാനലിന് നോട്ടീസ് നൽകി സിബിഐ. ചാനലിൽ ശിവകുമാർ നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങൾ ആരാഞ്ഞാണ് ചാനലിന് സിബിഐ നോട്ടീസ് നൽകിയിരിക്കുന്നത്. അടുത്ത മാസം രേഖകളുമായി ഹാജരാകാൻ ജയ്ഹിന്ദ് എംഡിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഐ ബംഗളൂരു യൂണിറ്റാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ശിവകുമാർ നടത്തിയ നിക്ഷേപങ്ങളുടെയും മറ്റ് പണമിടപാടുകളുടെയും വിശദമായ രേഖകൾ ഹാജരാക്കാൻ ആണ് നിർദ്ദേശം. ഡികെ ശിവകുമാറിന് പുറമേ അദ്ദേഹത്തിന്റെ ഭാര്യ ഉഷയും മകനും ചാനലിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.
ഇതിന് പുറമേ അക്കൗണ്ട് വിവരങ്ങൾ, കരാറുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും നോട്ടീസിൽ നിർദ്ദേശമുണ്ട്. അടുത്ത മാസം 11 ന് രേഖകളുമായി ജയ് ഹിന്ദ് എംഡി ബംഗളൂരിവിലെ ഓഫീസിൽ ഹാജരാകണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. സിആർപിസി നിയമത്തിലെ 91ാം വകുപ്പ് പ്രകാരം ആണ് നോട്ടീസ് നൽകിയിരിക്കുന്നത്.