കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ക്യാപ്റ്റനായ അഡ്രിയാന്‍ ലൂണയ്ക്ക് പരിശീലനത്തിനിടെ ഗുരുതര പരിക്ക്.
പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെയാണ് ലൂണക്ക് കാല്‍മുട്ടിന് പരിക്കേറ്റത്. സര്‍ജറി വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോള്‍ കമന്റേറ്ററായ ഷൈജു ദാമോദരനാണ് ഈ വിവരം പുറത്ത് വിട്ടത്. ബ്ലാസ്റ്റേഴ്‌സ് ആരാധാകരെ വിഷമത്തിലേക്ക് തള്ളി വിടുന്ന കാര്യങ്ങളാണ് ടീം ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്.
പഞ്ചാബ് എഫ്.സിക്കെതിരായ കളിക്ക് മുന്‍പായി കൊച്ചി പനമ്പിള്ളി നഗര്‍ മൈതാനിയില്‍ നടന്ന പരിശീലനത്തിനിടെയാണ് അഡ്രിയാന്‍ ലൂണയുടെ കാല്‍മുട്ടിന് പരിക്കേറ്റത്. ഈ ആഴ്ച്ച തന്നെ മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നുമാണ് സൂചന.
ഇന്നലെ അദ്ദേഹം കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പോയെന്നാണ് അറിയുന്നത്. വരുന്ന വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ച മുംബൈയില്‍ താരം വിശ്രമിക്കുമെന്നും ഇതിന് ശേഷം യുറഗ്വായില്‍ തന്റെ വീട്ടിലേക്ക് തിരിച്ചുപോകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത് മൂന്ന് മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ താരത്തിന് ഈ വര്‍ഷത്തെ സീസണിലെ ഇനിയുള്ള കളികള്‍ നഷ്ടമാകും.
2021-22 സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ അഡ്രിയാന്‍ ലൂണ ടീമിന്റെ അവിഭാജ്യ ഘടകമാണ്. ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മികച്ച ഫോമിലുള്ള ലൂണയെ ചുറ്റിപ്പറ്റിയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത്. മിഡ്ഫീല്‍ഡ് ജനറലായ ലൂണ പുറത്താകുന്നതോടെ തന്ത്രങ്ങളിലും പദ്ധതികളിലും മാറ്റം വരുത്താന്‍ ടീം നിര്‍ബന്ധിതരാകും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച കുതിപ്പ് നടത്തുമ്പോള്‍ അതിന് പിന്നില്‍ നിര്‍ണായക പങ്കാണ് ലൂണ വഹിച്ചിരുന്നത്. പത്താം സീസണ്‍ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ച ഒന്‍പത് മത്സരങ്ങളിലും മൈതാനത്തിറങ്ങിയ ലൂണ മൂന്ന് ഗോളുകളാണ് അടിച്ചത്. നാല് അസിസ്റ്റുകളും ഈ കളികളില്‍ നിന്ന് ഈ യുറഗ്വായ് താരത്തിന് നേടാനായി. ഈ സീസണില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളിലും കൂടുതല്‍ അസിസ്റ്റുകള്‍ സ്വന്തമാക്കിയ കളിക്കാരിലും ലൂണ ആദ്യ അഞ്ചിലുണ്ടായിരുന്നു.