ഗവർണർ വിരട്ടി, പിണറായി വിരണ്ടു; SFI ക്കാർക്കെതിരെ ഗുരുതര വകുപ്പിട്ട് കേസ്

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായുണ്ടായ അക്രമസംഭവങ്ങളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.

ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയും സഞ്ചരിച്ചിരുന്ന കാറില്‍ അടിക്കുകയും ചെയ്ത സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നിസ്സാര വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതിനോട് ഗവര്‍ണര്‍ എതിരു നില്‍ക്കുകയായിരുന്നു.

ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഐ.പി.സി 124 വകുപ്പ് ചുമത്തണമെന്ന് ആവശ്യപ്പെടുകയും, ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടവകുപ്പ് പോലീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

ഗവര്‍ണര്‍ക്കൊപ്പം ഇന്നലെ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. രാജ്ഭവനിലെത്തിയാണ് മൊഴിയെടുത്തത്.

കേരള പൊലീസിന്റെ സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് നല്‍കിയാല്‍ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷയ്ക്കായി കേന്ദ്രത്തിന് കേന്ദ്രസേനയെ നിയോഗിക്കാനാകുമെന്നത് കണ്ടാണ് ഗവര്‍ണറുടെ ആവശ്യം പോലീസ് പരിഗണിച്ചത്. കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍നടപടികള്‍ ഉണ്ടാകേണ്ടത് കേന്ദ്രത്തില്‍ നിന്നാണ്. ഗവര്‍ണര്‍ എല്ലാ മാസവും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം വഴി രാഷ്ട്രപതിക്കു നല്‍കാറുണ്ട്. സെഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമുള്ളത്. മൂന്നു വര്‍ഷമായി ഗവര്‍ണര്‍ക്ക് സെഡ് പ്ലസ് സുരക്ഷയുണ്ട്.

സെഡ് വിഭാഗം സുരക്ഷയുണ്ടായിരുന്ന സമയത്ത് സംസ്ഥാനത്തിനു പുറത്തു പോകുമ്പോള്‍ ഗവര്‍ണര്‍ക്കു സുരക്ഷ കുറയുന്ന സാഹചര്യമുണ്ടായി. ഗവര്‍ണര്‍ക്കുനേരെ പ്രതിഷേധം ഉണ്ടാകാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് സെഡ് പ്ലസ് സുരക്ഷ നല്‍കിയത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവര്‍ക്ക് പത്തോളം വാഹനങ്ങളുടെ അകമ്പടിയുണ്ടാകും. സ്ഥലങ്ങളുടെ പ്രത്യേകത അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളിലും വ്യത്യാസം വരും.

സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് 6 മാസം കൂടുമ്പോള്‍ സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേരും. ആവശ്യമെങ്കില്‍ സുരക്ഷ വര്‍ധിപ്പിക്കും. അഡ്വാന്‍സ് പൈലറ്റ് വാഹനവും പൈലറ്റ് വാഹനവും വിഐപി വാഹനവും രാജ്ഭവന്റെ സെക്യൂരിറ്റി വാഹനവും പൊലീസ് വാഹനങ്ങളും ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് വാഹനങ്ങളും ഗവര്‍ണറുടെ വാഹനവ്യൂഹത്തിലുണ്ടാകും.

ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ സുരക്ഷയ്ക്കായി 58 പൊലീസുകാരാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നത്. ഗവര്‍ണര്‍ സംസ്ഥാനത്തിനകത്ത് സഞ്ചരിക്കുമ്പോള്‍ കേരള പൊലീസ് സുരക്ഷയൊരുക്കും. പുറത്തു പോകുമ്പോള്‍ അതത് സംസ്ഥാനങ്ങള്‍ക്കാണ് സുരക്ഷാ ചുമതല. ഗവര്‍ണര്‍ക്കൊപ്പം എഡിസിയായി രണ്ടു പേരുണ്ടാകും. ഇന്ത്യന്‍ നേവിയില്‍ നിന്നുള്ള ഉദ്യോഗസ്ഥനും കേരള കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനുമാണ് എഡിസിമാര്‍. ഗവര്‍ണറുടെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്രം പരിശോധന നടത്തുന്നുണ്ട്. സുരക്ഷാ വീഴ്ച ഉണ്ടായതായാണ് കേന്ദ്ര ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഇതും ഗവര്‍ണറുടെ റിപ്പോര്‍ട്ടും പരിഗണിച്ച് സുരക്ഷ ശക്തമാക്കാനാണ് സാധ്യത.

ക്രമസമാധാനനില തകര്‍ന്നതായി ചൂണ്ടിക്കാട്ടി രാഷ്ട്രപതി ഭരണം നടപ്പിലാക്കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നീക്കം ഉണ്ടാകാനിടയില്ല. രാഷ്ട്രീയ സാഹചര്യവും ക്രമസമാധാന നിലയും കണക്കിലെടുത്താണ് രാഷ്ട്രപതി ഭരണം നടപ്പിലാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിലപാടും നിര്‍ണായകമാണ്.

സംസ്ഥാനത്തിന്റെ ഭരണഘടനാ യന്ത്രം പരാജയപ്പെട്ടാലുള്ള വ്യവസ്ഥകള്‍ വിവരിക്കുന്നത് ഭരണഘടനയുടെ 356ാം വകുപ്പിലാണ്. ഗവര്‍ണറില്‍നിന്ന് റിപ്പോര്‍ട്ട് കിട്ടിയാലോ അല്ലെങ്കില്‍ മറ്റു വിധത്തിലോ സംസ്ഥാനത്ത് ഭരണഘടനയിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഭരണം നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാല്‍ ഒരു വിളംബരത്തിലൂടെ അധികാരം ഏറ്റെടുക്കാം. സര്‍ക്കാരിന്റെ ചുമതലകള്‍ മുഴുവനായോ ഏതെങ്കിലുമോ ഇങ്ങനെ ഏറ്റെടുക്കാം.

ഹൈക്കോടതിയില്‍ നിക്ഷിപ്തമായതോ അതിനു പ്രയോഗിക്കാവുന്നതോ ആയ അധികാരങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല. വിളംബരം ലോക്‌സഭയുടെയും രാജ്യസഭയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കണം. അംഗീകാരം ലഭിച്ചില്ലെങ്കില്‍ വിളംബരം അസാധുവാകും. രണ്ടു മാസത്തിനുള്ളില്‍ സഭകളുടെ അംഗീകാരം ലഭിക്കണം. പരമാവധി മൂന്നു വര്‍ഷം വരെ മാത്രമേ ഇങ്ങനെ അധികാരം ഏറ്റെടുക്കാനാകൂ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments