തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ബോര്‍ഡ് മെംബര്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ ഡോ. ബിജു രാജിവെച്ചു.
ഡോ. ബിജുവിന്റെ ആളില്ലാ ജാലകങ്ങള്‍ കാണാന്‍ ആളില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ രഞ്ജിത് ആരോപണം ഉന്നയിച്ചതിനുപിന്നാലെയാണ് ഡോ. ബിജു രാജിവെച്ചത്.
ബിജുവും രഞ്ജിത്തും തമ്മിലുള്ള അഭിപ്രായവ്യത്യാസം കഴിഞ്ഞദിവസമാണ് രൂക്ഷമായത്. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഡോ. ബിജുവിനെ രഞ്ജിത് രൂക്ഷമായി പരിഹസിച്ചിരുന്നു. തിയേറ്ററിൽ ആളുകൾ കയറാത്ത സിനിമയൊക്കെ എടുക്കുന്ന ഡോക്ടർ ബിജുവിനെല്ലാം എന്ത് റെലവൻസ് ആണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ.
ഡോ. ബിജു സംവിധാനംചെയ്ത അദൃശ്യജാലകങ്ങൾ എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാമർശങ്ങൾ.
ഇതിനെതിരെ രൂക്ഷമായ ഭാഷയിൽത്തന്നെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഡോ. ബിജു തിരിച്ചടിച്ചു. തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ താൻ ആളല്ല എന്നാണ് ഇതിന് മറുപടിയായി ഡോ. ബിജു പറഞ്ഞത്.
“വിവിധ ലോകരാജ്യങ്ങളിൽ നിന്നായി ഈ മേളയിൽ പ്രദർശിപ്പിക്കുന്ന നിരവധി സിനിമകളുണ്ട്. ലോകത്തെ പ്രധാന ചലച്ചിത്രമേളകളിൽ ശ്രദ്ധനേടിയത് കൊണ്ടാണല്ലോ ആ ലോക സിനിമകൾ ഇവിടെ മേളയിൽ കാണിക്കുന്നത്. അല്ലാതെ ആ സിനിമകൾ അവിടങ്ങളിൽ തിയേറ്ററുകളിൽ ആളെ കൂട്ടിയത് കൊണ്ടല്ലല്ലോ ഇവിടേയ്ക്ക് ക്ഷണിച്ചു കൊണ്ട് വന്നു കാണിച്ചത്. അത് പോലും മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്ത നിങ്ങൾ ആണല്ലോ കേരളാ സർക്കാരിന്റെ ചലച്ചിത്രമേളയുടെ ചെയർമാൻ ആയി ഇരിക്കുന്നത് എന്നോർക്കുമ്പോൾ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ തോന്നുന്നുണ്ട്.
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഞാൻ താങ്കൾക്ക് ഒരു സന്ദേശം അയച്ചിരുന്നുവല്ലോ. അതിങ്ങനെ ആയിരുന്നു എന്റെ റെലവൻസ് തീരുമാനിക്കുന്നത് മിസ്റ്റർ രഞ്ജിത്ത് അല്ല. കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല. താങ്കളുടെ അറിവില്ലായ്മയ്ക്കും ജല്പനങ്ങൾക്കും നന്ദി, സിനിമ എന്നാൽ ആൾക്കൂട്ടം മാത്രമാണ് എന്ന താങ്കളുടെ പരിമിത ധാരണയ്ക്കും നന്ദി എന്നാണു ഞാൻ താങ്കൾക്കു പേഴ്‌സണൽ മെസ്സേജ് അയച്ചത്. “മറു വാക്കുകൾക്ക് നന്ദി ” എന്നും പിന്നീട് “മതി നിർത്തിക്കോ ” എന്ന ഒരു ഭീഷണി സന്ദേശവും ആണ് താങ്കൾ മറുപടി ആയി നൽകിയത്. മതി നിർത്തിക്കോ എന്ന ആജ്ഞ അനുസരിക്കാൻ എനിക്ക് ബാധ്യതയും സൗകര്യവും ഇല്ല എന്ന് താങ്കൾക്ക് ഞാൻ മറുപടി ആയി അറിയിക്കുകയും ചെയ്തിട്ടുണ്ട്.” എന്നും ഡോ. ബിജു പറഞ്ഞിരുന്നു.
ഡോ. ബിജുവിന്റെ പ്രതികരണം നിമിഷനേരങ്ങൾക്കകം സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്കിടയാക്കി. നിരവധി പേർ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ഇതിൽ ചില പ്രതികരണങ്ങൾ ഡോ. ബിജുതന്നെ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണിപ്പോൾ കെ.എസ്.എഫ്.ഡി.സിയിൽനിന്നുള്ള അദ്ദേഹത്തിന്റെ രാജിയും.