കൊച്ചി: വിവാദങ്ങള്‍ക്കും പൊട്ടിത്തെറികള്‍ക്കും ഒടുവില്‍ സിറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞു. സിറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ എന്ന പദവിയില്‍ നിന്നും 12 വര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ പടിയിറക്കം. താല്‍ക്കാലികമായി ബിഷപ്പ് സെബാസ്ത്യന്‍ വാണിയപ്പുരക്കലിന് പകരം ചുമതല നല്‍കും.

ബിഷപ്പ് ബോസ്‌കോ പുത്തൂരിനാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ താല്‍കാലിക ചുമതല. ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും ഒഴിഞ്ഞു. ബിഷപ് ബോസ്‌കോ പുത്തൂരിന് ചുമതല.

ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. മാര്‍പാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് ആലഞ്ചേരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നവും പ്രായാധിക്യവും വത്തിക്കാനെ അറിയിച്ചിരുന്നു. ഇത് വത്തിക്കാന്‍ അംഗീകരിച്ചു.

സീറോ മലബാര്‍ സഭാചരിത്രത്തില്‍ തന്നെ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ക്കിരയായിട്ടുള്ള സഭാധ്യക്ഷനാണ് പടിയിറങ്ങുന്നത്. ഭൂമി വില്‍പ്പനയും കുര്‍ബാന വിവാദങ്ങളും ആലഞ്ചേരിയുടെ പിടിയിറക്കത്തിന് ആക്കം കൂട്ടി.

കേരള കത്തോലിക്കാ സഭയില്‍ സാമ്പത്തികമായും ആളെണ്ണംകൊണ്ടും പ്രബലരായ സിറോ മലബാര്‍ സഭയുടെ അമരത്ത് അവരോധിക്കപ്പെട്ടശേഷം സഭാ ഭൂമിവില്‍പ്പനയിലടക്കം പിഴച്ചിടത്താണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് കാലിടറിയത്. കേരളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പലതും ആലഞ്ചേരിക്ക് അനുകൂലമായിരുന്നെങ്കിലും കാനോനിക നിയമങ്ങള്‍ പാലിക്കുന്നതില്‍ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കര്‍ദിനാളിന് തിരിച്ചടിയായത്.

അതിരൂപതയില്‍ പ്രതിഷേധം ആളിക്കത്തിയതോടെ ആസ്ഥാന ഇടവകയായ എറണാകുളം സെന്റ് മേരീസ് കത്തീട്രലില്‍ കാലുകുത്താന്‍ പോലും വയ്യാത്ത ഗതികേടിലായി ആലഞ്ചേരി. ഇതിന് പിന്നാലെയാണ് സിറോ മലബാര്‍ സഭയിലെ കുര്‍ബാന ഏകീകരണമെന്ന സുപ്രധാന തീരുമാനവുമായി കര്‍ദിനാളും സിനഡും മുന്നോട്ട് പോയത്. ഇതിനെതിനെ എറണാകുളം അങ്കമാലി അതിരൂപത നിസഹരണം പ്രഖ്യാപിച്ചതോടെ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് പ്രശ്‌നപരിഹാരത്തിന് വത്തിക്കാനും ശ്രമിച്ചു. സിറോ മലബാര്‍ സഭയുടെ തലവന്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ കൂടി തലവനായിരിക്കുമെന്ന കാലങ്ങളായുളള കീഴ്വഴക്കമാണ് ഇല്ലാതായത്. അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വത്തിക്കാന് നേരിട്ട് റിപ്പോര്‍ട് ചെയ്യുന്ന തീരുമാനം കൂടി ഇതിനിടെ വന്നു.