തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം നടത്തിയ ഭരണ പരിഷ്‌കാരങ്ങള്‍ പാളുന്നതിന്റെ തല്‍സമയ ഉദാഹരണമാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍. ഭരണ സിരാകേന്ദ്രത്തിലെ പുതിയ ഉദ്യോഗസ്ഥ സേനയായ കെ.എ.എസുകാരെക്കൊണ്ട് ചീഫ് സെക്രട്ടറി മുതല്‍ ശിപായികള്‍ വരെ പകച്ച് നില്‍ക്കുകയാണ്.

തത്തമ്മേ പൂച്ച പൂച്ച എന്ന ശൈലിയിലാണ് കെ.എ.എസുകാരുടെ ഫയല്‍ എഴുത്ത് എന്നാണ് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. കോണ്‍ട്രിബ്യൂഷന്‍ ഒന്നും ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. സെക്രട്ടേറിയേറ്റിലെ അസിസ്റ്റന്റുമാര്‍ എഴുതി വിടുന്ന ഫയലില്‍ ശൂ പോലൊരു ഒപ്പ് വരയ്ക്കുക എന്നതാണ് പ്രാഥമിക ജോലി. ഭൂരിഭാഗം ഫയലുകളും ഡിസ്‌കസ് ഇട്ട് താഴോട്ട് തട്ടും. എന്നാല്‍ പിന്നെ കോടിക്കണക്കിന് രൂപ ചെലവാക്കി പരിശീലിപ്പിച്ച് ഇവരെ നിയമിക്കേണ്ടതിന്റെ ആവശ്യം എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.

ഐ.എ.എസ് ലഭിച്ചാല്‍ ട്രെയിനിംഗ് കഴിഞ്ഞ് കളക്ടര്‍ കാലവും കഴിഞ്ഞാണ് സെക്രട്ടേറിയേറ്റിലെ ഉദ്യോഗപര്‍വ്വത്തിന്റെ ഭാഗമായി ഐ.എ.എസുകാര്‍ മാറുന്നത്. അതുകൊണ്ട് തന്നെ സെക്രട്ടേറിയേറ്റിലെ ഫയലുകളുടെ സ്വഭാവം അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കും.

എന്നാല്‍, കെ.എ.എസുകാരെ നേരിട്ട് സെക്രട്ടേറിയേറ്റില്‍ അണ്ടര്‍ സെക്രട്ടറി തസ്തികയില്‍ നിയമിക്കുകയാണ്. ഫയലുകള്‍ വരുന്ന വഴികളും ഫയലിന്റെ നൂലാമാലകളും കണ്ട് അമ്പരന്നിരിക്കുകയാണ് ഇക്കൂട്ടര്‍. ഇവരില്‍ നിന്ന് കാര്യമായ സംഭാവന പ്രതീക്ഷിച്ച ഐ.എ.എസുകാര്‍ ഇവരുടെ പ്രകടനം കണ്ട് ഞെട്ടിയിരിക്കുകയാണ്.

സെക്രട്ടേറിയേറ്റ് ജോലി ചെയ്ത് പരിചയ സമ്പന്നരായ കെ.എ.എസ് ഉദ്യോഗം കിട്ടിയവരെയാകട്ടെ സെക്രട്ടേറിയേറ്റിന് വെളിയിലാണ് പിണറായി പോസ്റ്റ് ചെയ്തത്. ഇവരെ സെക്രട്ടേറിയേറ്റില്‍ നിയമിച്ചിരുനെങ്കില്‍ മുന്‍കാല അനുഭവ സമ്പത്ത് മുതല്‍ കൂട്ടായേന.

തിരുവനന്തപുരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജു ഖാന്റെ ഭാര്യയ്ക്ക് സെക്രട്ടേറിയേറ്റില്‍ കെ.എ.എസ് പോസ്റ്റിംഗ് കൊടുക്കാന്‍ വേണ്ടി സെക്രട്ടേറിയേറ്റില്‍ അനുഭവസമ്പത്ത് ഉള്ളവരെ പുറത്തേക്കടിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. കെ.എ.എസ് കയറി പറ്റിയ സെക്രട്ടേറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് കെ.എ.എസ് ഉദ്യോഗം മടുത്തമട്ടാണ്. തിരിച്ച് സെക്രട്ടറിയേറ്റ് ഉദ്യോഗത്തിലേക്ക് വരാന്‍ ഒരിഷ്ടന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്.

കെ.എ.എസില്‍ താഴ്ന്ന റാങ്കില്‍ കയറി കൂടിയ ഇദ്ദേഹം അണ്ടര്‍ സെക്രട്ടറി സര്‍വീസ് കൂടി കൂട്ടി ആദ്യം ഐ.എ.എസ് ലഭിക്കാന്‍ ചരടുവലി നടത്തിയിരുന്നു. മറ്റ് കെ.എ.എസ് ഉദ്യോഗസ്ഥര്‍ ഇതിനെതിരെ കോടതിയില്‍ കേസ് പോകുമെന്ന് ഭീഷണി മുഴക്കിയതോടെ സെക്രട്ടറിയേറ്റില്‍ കയറി കൂടാനാണ് ഇദ്ദേഹത്തിന്റെ ശ്രമം.

ഒരാള്‍ക്ക് ഏകദേശം 25 ലക്ഷം രൂപയാണ് കെ.എ.എസ് ട്രെയിനിംഗിന് സര്‍ക്കാര്‍ മുടക്കിയത്. ഇത് തിരിച്ചടച്ചിട്ട് വേണം സെക്രട്ടേറിയേറ്റില്‍ കയറി പറ്റാന്‍. താന്‍ പണ്ട് മുതലേ ദേശാഭിമാനി പത്രം വായിക്കുന്ന ആളാണ് എന്ന ക്യാപ്‌സൂള്‍ ഒക്കെയായി അരയും തലയും മുറുക്കി സെക്രട്ടേറിയേറ്റ് ലാവണത്തില്‍ തിരികെ പ്രവേശിക്കാന്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലയിണയായി ഉപയോഗിച്ച് ഉറങ്ങുകയാണ് ഇദ്ദേഹം.

കെ.എ.എസുകാരുടെ മോശം പ്രകടനം ഒന്നും പ്രശ്‌നമാക്കാതെ രണ്ടാം വിജ്ഞാപനത്തിന് ഒരുങ്ങുകയാണ് പിണറായി. ഡിസംബറില്‍ പുതിയ വിജ്ഞാപനം ഉണ്ടാകും. സെക്രട്ടേറിയേറ്റിലെ ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കൂട്ടത്തോടെ കെ.എ.സിലേക്ക് മാറ്റാനാണ് നീക്കം. ഇതിനിടയിലാണ് കെ.എ.എസ് വേണ്ടേ എന്ന് നിലവിളിച്ചു കൊണ്ട് സെക്രട്ടേറിയേറ്റ് ലാവണത്തില്‍ കയറികൂടാനുള്ള കെ.എ.എസ് ഉദ്യോഗസ്ഥന്റെ പരാക്രമവും.