രാഹുല്‍ ദ്രാവിഡ് ഒഴിയുന്നു; ഇന്ത്യൻ ടീം പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മണ്‍

രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നു. തീരുമാനം ബിസിസിഐയെ അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരികെ പോകുന്നതിനാണ് രാഹുലിന്റെ താല്‍പര്യം. വി.വി.എസ് ലക്ഷ്മണായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി പരിശീലക സ്ഥാനത്ത് എത്തുകയെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

ലോകകപ്പ് ഫൈനലില്‍ ആസ്ട്രേലിയയോട് ടീം ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് രാഹുല്‍ ദ്രാവിഡിന്റെ പിടിയിറക്കം.

ലോകകപ്പ് അവസാനിച്ചതോടെ രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിച്ച ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി തുടരേണ്ടെന്ന് തീരുമാനിച്ചതായും ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചതായും ബി.സി.സി.ഐയിലെ ചില വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ദ്രാവിഡിന് പകരക്കാരനായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വി.വി.എസ് ലക്ഷ്മണനെ മുഖ്യ പരിശീലകനായി നിയമിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് മുതല്‍ വിസാഗില്‍ ആസ്ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത് ലക്ഷ്മണനാണ്.

ബെംഗളൂരുവിലെ ബി.സി.സി.ഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവന്‍ കൂടിയാണ് ലക്ഷ്മണ്‍. ലോകകപ്പിന് മുമ്പ് അയര്‍ലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയിലും കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയിലും ഇന്ത്യന്‍ ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായിരുന്നു ലക്ഷ്മണ്‍.

രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചതിന് പിന്നാലെ 2021 നവംബറിലാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി സ്ഥാനമേല്‍ക്കുന്നത്. ടി20 ലോകകപ്പിനു പിന്നാലെ ശാസ്ത്രി പരിശീലകസ്ഥാനത്തു ഒഴിയുകയും ദ്രാവിഡിനെ പകരക്കാരനായി കൊണ്ടു വരികയുമായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments