നവകേരള സദസ്സിന് ആളെക്കൂട്ടാന്‍ സ്പീക്കര്‍ ഷംസീറും; കോളേജില്‍ നിന്ന് കുട്ടികളെ എത്തിക്കണമെന്ന് നിര്‍ദ്ദേശം

കോഴിക്കോട്: നവകേരള സദസ്സിന് കുട്ടികളെ കൂട്ടത്തോടെ എത്തിക്കണമെന്ന് സ്പീക്കര്‍ എ.എൻ ഷംസീറിന്റെ കല്‍പന. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകുന്നേരം നടന്ന നവകേരള സദസ്സിന് കുട്ടികളെ എത്തിക്കണമെന്ന് സഹകരണ വകുപ്പിന് കീഴിലുള്ള തലശേരി എഞ്ചിനിയറിംഗ് കോളേജിലെ പ്രിന്‍സിപ്പാളിനോടാണ് ഷംസീര്‍ ആവശ്യപ്പെട്ടത്. ഷംസീറിന്റെ കല്‍പന കേട്ട് വിറച്ച പ്രിന്‍സിപ്പാള്‍ കുട്ടികളെ മാത്രമല്ല കോളേജ് ബസും വിട്ട് കൊടുത്തു.

നവകേരള സദസിന് സ്‌ക്കൂള്‍ ബസ് വിട്ട് കൊടുക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌റുടെ ഉത്തരവ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനിടയിലാണ് കോളേജ് ബസ് നവകേരള സദസിന് വിട്ടുകൊടുത്തത്. ആഢംബര ബസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന നവകേരള സദസിന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

പാര്‍ട്ടി അണികള്‍ പോലും പരിപാടിക്ക് എത്തുന്നില്ല. ആളൊഴിഞ്ഞ കസേരകള്‍ നിറയ്ക്കാന്‍ സംഘാടകര്‍ പാട് പെടുകയാണ്. വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ ഇറക്കി പരിപാടിക്ക് ആളെ കൂട്ടാന്‍ സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിയത് ഈ പശ്ചാത്തലത്തില്‍ ആണ്.

നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിര്‍ദേശവുമുണ്ട്. ഒരു സ്‌കൂളില്‍ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ വിളിച്ചു ചേര്‍ത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും നിര്‍ദേശമുണ്ട്.

അതേസമയം നവകേരള സദസ്സിന്റെ നാലാം ദിനമായ ഇന്ന് കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം തുടരും. രാവിലെ കൂത്തുപറമ്പ് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. തുടര്‍ന്ന് മട്ടന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ കൂടി പര്യടനം നടത്തി കണ്ണൂര്‍ ജില്ലയില്‍ നിന്ന് വയനാട് ജില്ലയിലേക്ക് നവകേരള സദസ്സ് പ്രവേശിക്കും.

കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങാണ് അവധി പ്രഖ്യാപിച്ചത്. നവംബര്‍ 24 ന് പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേമുണ്ട എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കും 25ന് ബാലുശ്ശേരി ജി.എച്ച്.എസ്.എസ്, നന്മണ്ട എച്ച്.എസ്.എസ്, 26ന് കുന്ദമംഗലം എച്ച്.എസ്.എസ്, കെ.എം.ഒ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവക്കാണ് അവധി നല്‍കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments