പ്രമുഖ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിനെതിരെ സുപ്രീംകോടതിയുടെ കടുത്ത താക്കീത്. ആധുനിക ചികിത്സാ രീതികള്‍ക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ അഹ്സനുദ്ദീന്‍ അമാനുല്ലയും പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങുന്ന ബെഞ്ചാണ് കമ്പനിക്ക് താക്കീത് നല്‍കിയത്.

പതഞ്ജലി ആയുര്‍വേദിന്റെ ഇത്തരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ എല്ലാ പരസ്യങ്ങളും ഉടന്‍ അവസാനിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. അത്തരത്തിലുള്ള ഏതൊരു ലംഘനവും കോടതി വളരെ ഗൗരവമായി കാണുമെന്നും ഒരു പ്രത്യേക രോഗം സുഖപ്പെടുത്താന്‍ കഴിയുമെന്ന് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഒരു കോടി രൂപ വരെ പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

പതഞ്ജലി ആയുര്‍വേദ് ഭാവിയില്‍ അത്തരം പരസ്യങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്നും മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിഷയം അലോപ്പതിയും ആയുര്‍വേദവും തമ്മിലുള്ള തര്‍ക്കമായി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കല്‍ പരസ്യങ്ങളുടെ പ്രശ്നത്തിന് യഥാര്‍ത്ഥ പരിഹാരം കണ്ടെത്താനാണ് ആഗ്രഹിക്കുന്നതെന്നും വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് നിരീക്ഷിച്ചു. പ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ കാര്യക്ഷമമായ പരിഹാരം കാണണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ കെഎം നടരാജന് കോടതി നിര്‍ദേശം നല്‍കി. കേസ് അടുത്തവര്‍ഷം ഫെബ്രുവരി 5ന് വീണ്ടും പരിഗണിക്കും.