കോട്ടയം: സംവിധായകനും ഛായാഗ്രഹകനുമായ വേണുവിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധവുമായി മലയാള ചലച്ചിത്ര രംഗത്തെ ഛായാഗ്രഹകരുടെ സംഘടനയായ സിനിമാട്ടോഗ്രാഫേഴ്സ് യൂണിയന് ഓഫ് മലയാള സിനിമ (കുമാക്) രംഗത്ത്.
ചലച്ചിത്ര മേഖലയിലെ തൊഴില്‍പരവും കലാപരവുമായ എതിരഭിപ്രായങ്ങളും തര്‍ക്കങ്ങളും തീര്‍പ്പാക്കാന്‍ ഭീഷണിയും ഗുണ്ടായിസവുമൊന്നും നല്ല രീതിയല്ല. ഇത്തരം പ്രവണതകള്‍ ചലച്ചിത്ര വ്യവസായത്തിന്റെ പൊതുനന്മയ്ക്കായി തുടക്കത്തിലേ ഇല്ലായ്മ ചെയ്യണമെന്ന് കുമാക് പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. കുമാകിന്റെ ജനറല്‍ സെക്രട്ടറി സുജിത് വാസുദേവും ഒപ്പമുണ്ടായിരുന്നു. സര്‍ക്കാരും പൊലീസും ഫെഫ്ക നേതൃത്വവും കേരള ഫിലിം പ്രൊഡ്യൂേസഴ്സ് അസോസിയേഷനും നടപടി സ്വീകരിക്കണം. വേണു സ്വീകരിച്ച നിയമനടപടികള്‍ക്ക് പിന്തുണയുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
നടന് ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ യില്‍ നിന്ന് വേണുവിനെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വേണുവിനെ ഗുണ്ടകള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഉടന്‍ നഗരം വിട്ട് പോയില്ലെങ്കില്‍ വിവരമറിയും എന്നായിരുന്നു ഭീഷണി. സംഭവത്തില്‍ വേണു പൊലീസില്‍ പരാതി നല്കി. കഴിഞ്ഞ ഒരു മാസമായി തൃശൂരില്‍ വച്ച് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. തുടക്കം മുതല്‍ ജോജുവും വേണുവും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. സെറ്റിലുള്ളവരോട് മുഴുവന്‍ വേണു അപമര്യാദമായി പെരുമാറുന്നുവെന്ന പരാതിയും ഇതിനിടെ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം പോലീസ് ട്രെയിനിങ് കോളേജില്‍ നടന്ന ചിത്രീകരണത്തിനിടെ ജോജുവും വേണുവും തമ്മില്‍ പരസ്യമായി വാക്കേറ്റമുണ്ടായത്. ഇത് കയ്യാങ്കളിയുടെ വക്കില്‍വരെയെത്തിയതായാണ് റിപ്പോര്‍ട്ട്.. ഒരു എയര്‍കണ്ടീഷണര്‍ തകരുകയും ചെയ്തു. തുടര്‍ന്ന് വേണുവിനെ ഇനി തുടരാന്‍ അനുവദിക്കേണ്ടതില്ലെന്ന് നിര്‍മാതാവ് കൂടിയായ ജോജു തീരുമാനിക്കുകയായിരുന്നു. പകരം ‘ഇരട്ട’യുടെ ക്യമാറാമാനായ വിജയ്യെ വിളിച്ചുവരുത്തി.
ഹോട്ടലില്‍ തങ്ങിയ തന്നെ ഗുണ്ടകള്‍ ഫോണില്‍വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് വെള്ളിയാഴ്ച രാവിലെയാണ് വേണു തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഉടന്‍ നഗരം വിട്ടുപോകണമെന്നും ഇല്ലെങ്കില്‍ വിവരമറിയിക്കുമെന്നുമായിരുന്നു ഭീഷണി. ഹോട്ടലിലേക്കെത്തിയ ഫോണ്കോളുകളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്.
വേണുവിനും സഹായികള്‍ക്കും മുഴുവന്‍ പ്രതിഫലവും നല്‍കിയതായാണ് ചിത്രത്തിന്റെ നിര്‍മാണവിഭാഗത്തിലുള്ളവര്‍ പറയുന്നത്. ഇനിയും 60 ദിവസം ചിത്രീകരണം ബാക്കിനില്‍ക്കെയാണ് വേണുവിനെ മാറ്റിയത്. തനിക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി പ്രശ്നം സൃഷ്ടിക്കുന്നതുകൊണ്ടാണ് വേണുവിനെ മാറ്റിയതെന്നാണ് ജോജുവിന്റെ വാദം.
ഇതാദ്യമായല്ല വേണു ഒരു ചിത്രത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മിച്ച ‘കാപ്പ’ എന്ന സിനിമയുടെ സംവിധായകനായി ആദ്യം നിശ്ചയിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. പക്ഷേ ഷൂട്ടിങ് തുടങ്ങും മുമ്പുതന്നെ വേണുവുമായി റൈറ്റേഴ്സ് യൂണിയനും സഹനിര്‍മാതാക്കളും അഭിപ്രായഭിന്നതയിലായി. പ്രതിഫലത്തിലുള്‍പ്പെടെ വേണുവിന്റെ പലനിലപാടുകളും അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ പറഞ്ഞത്. ഒടുവില്‍ ചിത്രീകരണം തുടങ്ങും മുമ്പ് വേണുവിന് പകരം ഷാജി കൈലാസിനെ സംവിധായകനാക്കുകയാണുണ്ടായത്.
ജോജുവും വേണുവും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയായിരുന്ന ‘പണി’യുടെ ചിത്രീകരണം വെള്ളിയാഴ്ച വീണ്ടും തുടങ്ങി. വേണു ഏര്‍പ്പെടുത്തിയ ഫിലിം യൂണിറ്റിനെ ഉള്‍പ്പെടെ മാറ്റിക്കൊണ്ടാണ് പുതിയ ഛായാഗ്രാഹകന്റെ നേതൃത്വത്തില്‍ ചിത്രീകരണം പുനരാരംഭിച്ചത്.
- അൻവറിനെ പാർട്ടിയിൽ ചേർക്കില്ലെന്നു ഡിഎംകെ
- ‘മരണത്തിലും ഒരുമിച്ച്’ മുംബൈയില്‍ വീടിന് തീപിടിച്ച് കുട്ടികള്‍ ഉള്‍പ്പടെ ഏഴുപേര്‍ വെന്ത് മരിച്ചു
- രോഹിത്ത് RCB യിലേക്കോ? കൂടുമാറ്റം നടന്നാൽ അത് വലിയ തമാശയാകും: ഡിവില്ലേഴ്സ്
- ശബരിമല വിഷയം ഉൾപ്പെടുത്തിയില്ലെങ്കിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ മികച്ച സിനിമയാകുമായിരുന്നു: ജിയോ ബേബി
- മൈഗ്രെയ്ന് വരാനുള്ള സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ