സുരേഷ് ഗോപിക്ക് ആശ്വാസം: പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; ഇനി വിളിച്ചുവരുത്തില്ല

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിയെ ഇനി പോലീസ് നോട്ടീസ് അയച്ച് വിളിച്ചുവരുത്തില്ല. സുരേഷ് ഗോപിക്കെതിരെയുള്ള പരാതിയില്‍ കഴമ്പില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തി. ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിക്കും കണ്ടെത്തലുകള്‍ കോടതിയെ ബോധിപ്പിക്കും.

ഇന്നലെ കോഴിക്കോട്ട നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. മാധ്യമപ്രവര്‍ത്തകയോട് അങ്ങനെ പെരുമാറിയ സാഹചര്യവും അന്നുണ്ടായ സംഭവങ്ങളും സുരേഷ് ഗോപി വിശദീകരിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിട്ടുണ്ട്. ബുധനാഴ്ച്ച കുറ്റപത്രം സമര്‍പ്പിക്കും. ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് സുരേഷ് ഗോപി എത്തിയത് അണികളുടെയും ആരാധകരുടെയും അകമ്പടിയോയായിരുന്നു.

ചോദ്യം ചെയ്യലിന് ശേഷം സുരേഷ് ഗോപിയെ വിട്ടയച്ചിരുന്നു. പിന്നീട് നോട്ടീസ് നല്‍കി വിളിപ്പിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. എന്നാല്‍ അത്തരത്തില്‍ നോട്ടീസ് നല്‍കി വിളിപ്പിക്കേണ്ട സാഹചര്യം ഇനിയില്ല. കേസുമായി ബന്ധപ്പെട്ട സംശയങ്ങളും മറ്റ് കാര്യങ്ങളുണ്ടായിരുന്നു. അത് ഇന്നലെയോടെ തീര്‍ന്നു എന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സഹോദരന്‍ സുഭാഷ് ഗോപിക്കും ബന്ധുക്കള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കുമൊപ്പം സ്റ്റേഷനിലെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത സുരേഷ് ഗോപിയെ അറസ്റ്റ് രേഖപ്പെടുത്താതെ നോട്ടീസ് നല്‍കി വിട്ടയച്ചു.

ആവശ്യമെങ്കില്‍ നോട്ടീസ് നല്‍കിയാല്‍ ഹാജരാവണമെന്ന നിര്‍ദ്ദേശത്തോടെയാണ് വിട്ടയച്ചതെന്ന് ഡി.സി.പി കെ.ഇ.ബൈജു പറഞ്ഞിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, എ.സി.പി ബിജു രാജ്, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എ.ഉമേഷ് എന്നിവരും സ്റ്റേഷനിലുണ്ടായിരുന്നു. സുരേഷ് ഗോപിക്കു വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബി.എന്‍.ശിവശങ്കരന്‍ സ്റ്റേഷനിലെത്തി.

സുരേഷ് ഗോപി ഹാജരാകുമെന്നറിഞ്ഞ് രാവിലെ ഒമ്പതു മുതല്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ത്രീകളടക്കം ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ അഭിവാദ്യങ്ങളുമായെത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, വി.കെ.സജീവന്‍ തുടങ്ങിയവരും സ്റ്റേഷനിലെത്തിയിരുന്നു. സുരേഷ് ഗോപി എത്തിയപ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ഏറെ പണിപ്പെട്ടു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments