തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ചികില്‍സ ചെലവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്.

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പി. ശശി നടത്തിയ ഉഴിച്ചിലിന് ചെലവായത് 10,680 രൂപ. 2022 സെപ്റ്റംബര്‍ 19 മുതല്‍ 2022 ഒക്ടോബര്‍ 13 വരെയായിരുന്നു ശശിയുടെ ഉഴിച്ചില്‍.

ചികില്‍സക്ക് ചെലവായ തുക നല്‍കണമെന്ന് പി. ശശി നവംബര്‍ 3 ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പി.ശശിക്ക് ചികില്‍സ ചെലവ് നല്‍കാന്‍ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

സര്‍ക്കാര്‍ ജീവനക്കാരെ പോലെ പേഴ്‌സണല്‍ സ്റ്റാഫും മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാണ്. മെഡിസെപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ ശശിക്ക് ഉഴിച്ചിലിന് ഖജനാവില്‍ നിന്ന് പണം നല്‍കിയത് ചട്ടവിരുദ്ധമാണ്.

മറ്റ് പേഴ്‌സണല്‍ സ്റ്റാഫുകളും പി. ശശി മോഡലില്‍ ഉഴിച്ചിലിന് പണം വേണമെന്ന് ആവശ്യപ്പെട്ടാല്‍ ഖജനാവ് ചോരും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കൂടി 700 പേഴ്‌സണല്‍ സ്റ്റാഫുകളുള്ളത്.

ചട്ടപ്രകാരം, സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സാ ചെലവ് റീ ഇംപേഴ്‌സ് ചെയ്യേണ്ടത് ഇന്‍ഷുറന്‍സ് കമ്പനിവഴിയാണ്. അതുമറികടന്ന് ചികിത്സാ ചെലവ് സര്‍ക്കാരില്‍ നിന്ന് നേരിട്ട് വാങ്ങിയെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായ പി. ശശി. ഇങ്ങനെ മെഡിസെപ് പദ്ധതിയെ നോക്കുകുത്തിയാക്കി ചികിത്സാ ചെലവ് കൈപ്പറ്റാന്‍ മറ്റ് പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും വഴിയൊരുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണം സിപിഎമ്മിന് കീഴിലാക്കിയതിന്റെ പേരില്‍ വിമര്‍ശനം ഏല്‍ക്കുന്നയാളാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. രണ്ടാം പിണറായി സര്‍ക്കാരിലും പോലീസിന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ കൈയിലല്ലാതെ വന്നപ്പോഴാണ് പുത്തലത്ത് ദിനേശനെ മാറ്റി പ്രത്യേക ആക്ഷനിലൂടെ പി. ശശിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത്.

സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ശശി പോലിസ് ഭരണം ഏറ്റെടുത്തു. ശശി എത്തിയതോടെ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ പോലിസ് സ്റ്റേഷനെ നിയന്ത്രിക്കാന്‍ തുടങ്ങി. ഡി.ജി.പി റബര്‍ സ്റ്റാമ്പായതോടെ പോലിസ് ഭരണം കുത്തഴിഞ്ഞ അവസ്ഥയിലായി.

ആഭ്യന്തരവകുപ്പിനെതിരെ ഘടകകക്ഷികള്‍ പോലും രംഗത്ത് വന്നു. ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടെങ്കിലും വിവാദ പുരുഷന്‍ ആയ ശശിയെ കൈവിടാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. 1.50 ലക്ഷം രൂപയാണ് ശശിയുടെ ശമ്പളം.

സര്‍ക്കാര്‍ വാഹനം വീക്ക്‌നെസായ ശശി കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. യാത്രപടി ഇനത്തിലും പതിനായിരങ്ങള്‍ ഓരോ മാസവും ശശിയുടെ പോക്കറ്റില്‍ എത്തും. ഇങ്ങനെ ഓരോ മാസവും ലക്ഷങ്ങള്‍ കിട്ടുന്ന ശശി സാമ്പത്തിക പ്രതിസന്ധി കാലത്ത് ഉഴിച്ചിലിന് ചെലവായ 10,680 രൂപ വേണമെന്ന് ശഠിച്ചതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

600 രൂപയുടെ ആശ്വാസ കിരണ പെന്‍ഷന്‍ പോലും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തടഞ്ഞ് വച്ചിരിക്കുമ്പോഴാണ് ശശിയുടെ ഉഴിച്ചിലിന് ഖജനാവില്‍ നിന്ന് പണം നല്‍കുന്നത്. 20 മാസമായി ആശ്വാസ കിരണ പെന്‍ഷന്‍ കൊടുത്തിട്ട്. ഇ.കെ. നായനാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന പി. ശശി സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ടതോടെ കുറച്ചുനാള്‍ പാര്‍ട്ടിയില്‍ നിന്ന് തഴയപ്പെട്ടു.

പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത് പുത്തലത്ത് ദിനേശന്‍ പരാജയപെട്ടതോടെ ശശിയുടെ ശുക്രന്‍ ഉദിച്ചു. ഭരണ സിരാ കേന്ദ്രത്തിലെ മുടി ചൂഢാമന്നനായി ശശി വിലസുന്നു. പിണറായി സര്‍ക്കാരിന്റെ കാലം കഴിഞ്ഞാല്‍ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷനായി 20,000 രൂപ ഓരോ മാസവും ശശിക്ക് കിട്ടും. ഗ്രാറ്റുവിറ്റി, ടെര്‍മിനല്‍ സറണ്ടര്‍, മറ്റ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പെടെ 20 ലക്ഷവും ശശിക്ക് ലഭിക്കും.