തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുന്നു. ഈ മാസം സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ കാലാവധി കഴിയുകയാണ്. സോഷ്യല്‍ മീഡിയ ടീം അംഗങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ വേണ്ടി മാത്രം ഇതുവരെ ചെലവിട്ടത് 5.60 കോടി രൂപയെന്നാണ് കണക്കുകള്‍. പ്രതിവർഷം 80 ലക്ഷത്തിന് മുകളിലാണ് ഇവരുടെ ശമ്പള ചെലവ്.

സോഷ്യല്‍ മീഡിയ ടീമിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി പൂര്‍ണ്ണ തൃപ്തനാണ്. അതുകൊണ്ടാണ് വീണ്ടും കരാര്‍ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. കരാര്‍ കാലാവധി നീട്ടാനുള്ള ഫയല്‍ പി.ആര്‍.ഡിയില്‍ ആരംഭിച്ചു.

മുഖ്യമന്ത്രിയുടെ അനുമതി ലഭിക്കുന്നതോടെ ഇവരുടെ സേവനം ഒരു വര്‍ഷത്തേക്ക് കൂടി കിട്ടും. 82 ലക്ഷം രൂപയാണ് 12 അംഗ സോഷ്യല്‍ മീഡിയ ടീമിന് ഒരു വര്‍ഷം ശമ്പളമായി കൊടുക്കുന്നത്. ജീവിത ചെലവ് വര്‍ദ്ധിച്ചതിനാല്‍ ശമ്പളം ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം.

മുഖ്യമന്ത്രിക്ക് പ്രീയപ്പെട്ടവരായതിനാല്‍ ഇവരുടെ ശമ്പളം ഉയര്‍ത്തുമെന്നാണ് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന സൂചന. സര്‍ക്കാരിന്റെ കാലാവധി തീരുന്ന മുറക്ക് സിഡിറ്റിലോ, ഐ.ടി മിഷനിലോ ഇക്കൂട്ടര്‍ക്ക് സ്ഥിര ജോലി സംഘടിപ്പിക്കാനും നീക്കമുണ്ട്. നിലവില്‍ സി.ഡിറ്റിന്റെ തലപ്പത്ത് ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജയരാജാണ്.

മുഹമ്മദ് യഹിയയുടെ നേതൃത്വത്തിലാണ് പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീം പ്രവര്‍ത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 75000 രൂപയാണ്. കണ്ടന്റ് മാനേജര്‍ സുദീപ് ജെ. സലീമിന്റെ ശമ്പളം 70000 രൂപ.

സീനിയര്‍ വെബ് അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവരുടെ ശമ്പളം പ്രതിമാസം 65000 രൂപ വീതമാണ്. ഡെലിവറി മാനേജര്‍, റിസര്‍ച്ച് ഫെല്ലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍, 2 ഡാറ്റ റിപ്പോസിറ്ററി മാനേജര്‍, കമ്പ്യൂട്ടര്‍ അസ്റ്റിസ്റ്റന്റ് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ ടീമിലെ മറ്റ് തസ്തികകള്‍. മുന്‍ മുഖ്യമന്ത്രിമാരെല്ലാം പി.ആര്‍.ഡിയെ ആശ്രയിച്ച സ്ഥാനത്താണ് സ്വന്തം സോഷ്യല്‍ മീഡിയ ടീമിനെ പിണറായി സൃഷ്ടിച്ചത്. പി.ആര്‍.ഡി ഡയറക്ടര്‍ തലവനായി പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പില്‍ 243 സ്ഥിരം ജീവനക്കാര്‍ ഉള്ളപ്പോഴാണ് സോഷ്യല്‍ മീഡിയക്കായി 12 പേരെ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്നത്.

വാര്‍ത്ത വിതരണവും പ്രചരണവും എന്ന ധനാഭ്യര്‍ഥനക്ക് പദ്ധതി, പദ്ധതിയേതര ചെലവുകള്‍ക്ക് 2023 – 24 സാമ്പത്തിക വര്‍ഷം വകയിരിത്തിയിരിക്കുന്നത് 108.87 കോടി രൂപയാണ്. പി.ആര്‍.ഡി, സോഷ്യല്‍ മീഡിയ ടീം ഇവയെല്ലാം ഉണ്ടെങ്കിലും നിര്‍ണ്ണായക സമയങ്ങളില്‍ പുറത്ത് നിന്നുള്ള ഏജന്‍സിയുടെ സഹായവും മുഖ്യമന്ത്രി തേടും.

സോഷ്യൽ മീഡിയ സംഘത്തെ നയിക്കുന്ന കരാര്‍ ജീവനക്കാരന് പ്രതിമാസ ശമ്പളം 75,000, കണ്ടന്‍റ് മാനേജര്‍ക്ക് 70,000, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍ക്ക് 65,000 രൂപ, സോഷ്യൽ മീഡിയ കോര്‍ഡിനേറ്റര്‍ക്കും സ്ട്രാറ്റജിസ്റ്റിനും വേണം 65,000. ഇങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയാ സംഘത്തിന്‍റെ പ്രതിമാസ വേതനം. 22,290 രൂപ കൈപ്പറ്റുന്ന കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റിനാണ് സംഘാംഗങ്ങളിലെ ഏറ്റവും കുറവ് ശമ്പളം. ഇതിൽ നാല് പേരിൽ നിന്ന് 44,420 രൂപയാണ് ആദായനികുതിയിനത്തിൽ മാത്രം നൽകുന്നത്. ഡെലിവെറി മാനേജര്‍, റിസര്‍ച്ച് ഫെല്ലോ, കണ്ടന്‍റ് ഡെവലപ്പര്‍, കണ്ടന്‍റ് അഗ്രഗേറ്റര്‍, ഡേറ്റാ റിപോസിറ്ററി മാനേജര്‍ എന്നിങ്ങനെയുമുണ്ട് തസ്തികകൾ.

മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിപാലിക്കുന്നതിനാണ് താത്കാലിക ജീവനക്കാരുടെ ജംബോ പട്ടിക. സര്‍ക്കാര്‍ വെബ്സൈറ്റിന്‍റെ രൂപീകരണവും തപാൽ സെര്‍വ്വറിന്‍റെ മെയിന്‍റനൻസും എന്ന ശീര്‍ഷകത്തിലാണ് ശമ്പളവിതരണം. ഒന്നാം പിണറായി വിജയൻ സര്‍ക്കാരിൽ ഒമ്പതുപേരാണ് സോഷ്യൽ മീഡിയ സംഘത്തിലുണ്ടായിരുന്നത്.