Kerala

മന്ത്രി എം.ബി രാജേഷ് വിദേശത്ത്; കേരളത്തില്‍ ലൈഫ് വീട് കിട്ടാതെ ആത്മഹത്യ

തിരുവനന്തപുരം: തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് വിദേശ പര്യടനത്തില്‍. ലൈഫ് പദ്ധതിയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനം നടത്തുന്ന സമയത്തുതന്നെയാണ് ഈ പദ്ധതി പ്രകാരം ലഭിച്ച വീട് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതില്‍ മനംനൊന്ത് പത്തനംതിട്ട സ്വദേശി ആത്മഹത്യ ചെയ്തിരിക്കുന്നത്.

ജീവിതത്തില്‍ പരാജയപ്പെട്ടു പോയി എന്നും ലൈഫ് പദ്ധതി പദ്ധതി പ്രകാരം ഉള്ള വീട് നിര്‍മ്മാണം എങ്ങുമെത്തിയില്ലെന്നും ആത്മഹത്യ ചെയ്ത ഗോപിയുടെ കത്തില്‍ പറയുന്നു. പണം കിട്ടാത്തത് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ തടസമായി എന്നും കത്തില്‍ പറയുന്നു. 717 കോടി ബജറ്റില്‍ വകയിരുത്തിയ ലൈഫ് മിഷന് 18 കോടി മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചതെന്ന് മലയാളം മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലൈഫ് പദ്ധതി സംബന്ധിച്ച പ്ലാനിംഗ് ബോര്‍ഡിന്റെ പ്ലാന്‍ സ്‌പേസ് രേഖകളായിരുന്നു മലയാളം മീഡിയ പുറത്ത് വിട്ടത്. ലൈഫ് മിഷന്‍ വീട് നിര്‍മ്മാണത്തിന് പണം നല്‍കുന്നത് 4 ഗഡുക്കളായാണ്. ഒന്നാം ഗഡു കൊടുത്തിട്ട് മാസങ്ങളായിട്ടും രണ്ടാം ഗഡു കൊടുക്കാത്തത് മൂലം ലൈഫ് മിഷന്‍ വഴി വീട് കിട്ടിയവര്‍ പ്രതിസന്ധിയിലാണ്.

പലരും ടാര്‍പോള വലിച്ച് കെട്ടിയാണ് താമസം. സര്‍ക്കാരില്‍ നിന്ന് കൃത്യമായി ഫണ്ട് വാങ്ങിച്ചെടുക്കുന്നതില്‍ തദ്ദേശ മന്ത്രി എം.ബി രാജേഷ് പൂര്‍ണ്ണ പരാജയമായി മാറിയതോടെ ലൈഫ് മിഷന്‍ താറുമാറായി. 7 ദിവസത്തെ കേരളീയം പരിപാടിക്ക് 27 കോടി കൊടുത്ത സര്‍ക്കാര്‍ 7 മാസം കൊണ്ട് ലൈഫ് മിഷന് കൊടുത്തത് വെറും 18 കോടി രൂപ മാത്രമാണ്. ലൈഫ് മിഷനില്‍ ഒന്നും ശ്രദ്ധിക്കാതെ തദ്ദേശ മന്ത്രി ഊരു ചുറ്റുകയാണ്.

കേരളീയം കഴിഞ്ഞതോടെ എം.ബി രാജേഷ് ഒരാഴ്ചത്തെ ബാഴ്‌സലോണ പര്യടനത്തിലാണ്. മേയര്‍ ആര്യ രാജേന്ദ്രനടക്കം 7 അംഗ സംഘവുമായിട്ടാണ് സ്‌പെയിനിലേക്ക് രാജേഷിന്റെ യാത്ര. ബാഴ്‌സലോണയില്‍ നടക്കുന്ന സ്മാര്‍ട് സിറ്റി വേള്‍ഡ് കോണ്‍ഗ്രസ് എക്‌സ്‌പോയില്‍ പങ്കെടുക്കാനാണ് രാജേഷും ആര്യ രാജേന്ദ്രനും സ്‌പെയിനിലേക്ക് പറന്നത്.

കേരളീയം സ്‌പോണ്‍സര്‍ കമ്മിറ്റിയുടെ മുഖ്യ ചുമതല ആര്യ രാജേന്ദ്രനായിരുന്നു. നികുതി ഉദ്യോഗസ്ഥരെ മുന്നില്‍ നിറുത്തി വ്യാപക പണപിരിവാണ് കേരളിയത്തിനു വേണ്ടി ആര്യ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *