മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി. സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മാധ്യമ പ്രവർത്തകയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മീഡിയ വൺ ചാനലിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റിനോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്.
‘തെറ്റായ വിചാരത്തിലോ അങ്ങനെ ഒരു തോന്നലിലോ ഒന്നും കൊണ്ട് ചെയ്തതല്ല. തീർത്തും സാധാരണ പെൺകുട്ടികളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. അത് ഒരു റോങ് ടച്ച് ആയി അല്ല. പക്ഷെ ആ കുട്ടിക്ക് അങ്ങനെയാണ് തോന്നിയതെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നു. ഞാൻ ആ കുട്ടിയെ ഇത് പറയാൻ ഇന്നലെ തന്നെ വിളിച്ചിരുന്നു. പക്ഷെ ഫോൺ എടുത്തില്ല. അവരുടെ ഭർത്താവിന്റെ നമ്പറിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു , ഞാൻ അതിന് തയ്യാറായി. ഇതിന് ശേഷവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരമാനമെങ്കിൽ അതും നേരിടാൻ തയ്യാറാണ്. ഞാൻ തെറ്റ് ചെയ്തില്ല എന്നു തന്നെ പറയുന്നു. എങ്കിലും അവരുടെ തെറ്റിനാണ് സ്ഥാനമെങ്കിൽ ഞാൻ ആ തെറ്റിന് മാപ്പ് പറയുന്നു,’ സുരേഷ് ഗോപി പറഞ്ഞു.
നിലവിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൊടുക്കാനാണ് മാധ്യമ പ്രവർത്തക തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. എന്നാൽ മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയിരുന്നു. ഈ സംഭവത്തിൽ നിയമനടപി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചിരുന്നു. സംഭവത്തിൽ നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയനും ഇന്നലെ അറിയിച്ചിരുന്നു.