സുരേഷ് ഗോപി മാപ്പ് പറയണം; ആവശ്യവുമായി പത്രപ്രവര്‍ത്തക യൂണിയന്‍; നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) അറിയിച്ചു.

സുരേഷ് ഗോപിക്കെതിരെ മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും. തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിതെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

അതേപോലെ, താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക അറിയിച്ചു. കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവണ്‍ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട് മോശമായി പെരുമാറിയത്.

ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ വെച്ച കൈ അവര്‍ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടര്‍ നീക്കങ്ങള്‍ക്കും മീഡിയവണിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റര്‍ സി ദാവൂദ് അറിയിച്ചു.

തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തന്നെ അവര്‍ അത് തട്ടി മാറ്റുന്നുണ്ട്.

ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments